കേരളത്തിന്റെ ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ് സമിതി ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്തുചേര്‍ന്ന പാര്‍ലമെന്റ് ഭക്ഷ്യ പൊതുവിതരണ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു.
22.57 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യവിഹിതം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോള്‍ 14.25 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ലഭിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലംമുതല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രത്യേകമായ ഭക്ഷ്യധാന്യ അലോട്ട്‌മെന്റ് നല്‍കിയിരുന്നു. 2016 ജൂണ്‍ വരെ ഈ സംവിധാനം തുടര്‍ന്നുവന്നിരുന്നു. 2016 ജൂണ്‍ മുതല്‍ കേരളത്തിന് ലഭിക്കുന്നത് 14.25 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ്. മറ്റ് സംസ്ഥാനത്ത് നിന്നുള്ള 30 ലക്ഷം തൊഴിലാളികള്‍ക്ക് കൂടി ഭക്ഷ്യധാന്യം നല്‍കേണ്ട ചുമതല ഉണ്ടായപ്പോഴാണ് വിഹിതം വെട്ടിക്കുറയ്ക്കുന്നത്. കേരളത്തില്‍ ബഹുഭൂരിപക്ഷവും റബ്ബര്‍, നാളികേരം, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളാണ് കൃഷിചെയ്യുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക വരുമാനം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. പാടശേഖരങ്ങള്‍ കേരളത്തിലെ കൃഷിഭൂമിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേരളത്തിന് കൂടുതല്‍ വിഹിതം നല്‍കിക്കൊണ്ടിരുന്നത്. ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. കേരളത്തില്‍ ഭക്ഷ്യധാന്യ ദൗര്‍ലഭ്യംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. അതിനാലാണ് കേരളത്തിന്റെ വിഹിതം വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് ഭക്ഷ്യപൊതുവിതരണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ.സി ദിവാകര്‍ റെഡ്ഢി, അംഗം ആന്റോ ആന്റണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."