ബിന്ദുവിന്റെ തിരോധാനം: അറസ്റ്റിലായ സെബാസ്റ്റ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ചേര്‍ത്തല: കോടികളുടെ സ്വത്തിനുടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ബിന്ദുവിന്റെ തിരോധാനവുമായി സെബാസ്റ്റ്യന് ബന്ധമില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമാകുന്നതെന്ന് പൊലിസ് പറഞ്ഞു. അതേസമയം വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ വസ്തു വില്‍പന നടത്തിയ കേസില്‍ ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് ആഴ്ചയോളമായി ഒളിവിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച രാവിലെ എറണാകുളം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ മുഖ്യപങ്കുള്ളതായി സംശയിച്ചിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായര്‍ പുലര്‍ച്ചെ വരെ പൊലിസ് ചോദ്യം ചെയ്തിരുന്നു.
ബിന്ദുവും സെബാസ്റ്റ്യനുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ഇടപ്പള്ളിയിലെ 11 സെന്റ് വസ്തു ബിന്ദുവും സെബാസ്റ്റ്യനും ചേര്‍ന്ന് 2007ല്‍14 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഇരുവരും ഏഴ് ലക്ഷം രൂപ വീതം നല്‍കി. എന്നാല്‍ ബിന്ദുവിന്റെ പേരിലാണ് പ്രമാണം ചെയ്തത്. പിന്നീട് വില്‍പന നടത്തുന്നതിന് സെബാസ്റ്റ്യന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ബിന്ദു തയാറാവാതിരുന്നതോടെയാണ് ആധാരം നഷ്ടപ്പെട്ടതായി പത്രപരസ്യം നല്‍കിയശേഷം വ്യാജമുക്ത്യാര്‍ ചമച്ച് മറ്റൊരാള്‍ക്ക് വില്‍പന നടത്തിയത്. സെന്റിന് 13 ലക്ഷം പ്രകാരം 1.43 കോടി രൂപയ്ക്കാണ് ഇടപ്പള്ളിയിലെ വസ്തു വിറ്റത്. പിന്നീട് ബിന്ദുവിന് 44 ലക്ഷം രൂപ കൊടുത്തു. എന്നാല്‍ ഇത് പോരെന്നും പകുതി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടെങ്കിലും പിന്നീട് തരാമെന്ന് പറഞ്ഞു. ബാക്കി പണം കൊടുത്തില്ലെന്നും സെബാസ്റ്റ്യന്‍ മൊഴി നല്‍കി.
2013 ന്‍ അരങ്ങേറിയ ഭൂമി തട്ടിപ്പ് 2018 മെയിലാണ് പുറത്തുവരുന്നത്. ബിന്ദു പത്മനാഭനെ നാലുവര്‍ഷമായി കാണാനില്ലെന്നുകാട്ടി ഇറ്റലിയിലുള്ള സഹോദരന്‍ പ്രവീണ്‍കുമാര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനിടയിലാണ് തട്ടിപ്പുവിവരം പുറത്തറിയുന്നത്. തിരോധാനം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമായതോടെയാണ് സെബാസ്റ്റ്യന്‍ ഒളിവില്‍ പോയത്.
അതിനിടെ ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണിനോട് നാട്ടിലെത്താന്‍ പൊലിസ് ആവശ്യപ്പെട്ടു. ഇറ്റലിയില്‍ കഴിയുന്ന പ്രവീണ്‍ കഴിഞ്ഞ എട്ടുമാസം മുന്‍പാണ് സഹോദരിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയത്. മുഖ്യപ്രതി സെബാസ്റ്റ്യന്‍ പിടിയിലായതോടെയാണ് പ്രവീണിനോട് മടങ്ങിവരാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയത്. അതിനിടെ പ്രതി സെബാസ്റ്റ്യനെ ഒളിവില്‍ താമസിപ്പിച്ചതിന് ബന്ധു എം.ബോണിയെയും പൊലിസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ സ്വദേശിയായ ബോണി സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവാണ്. സെബാസ്റ്റ്യനെ ഒളിവില്‍ കഴിയുവാന്‍ കര്‍ണാടകയിലെ ഷിമോഗയില്‍ താവളം ഒരുക്കിയത് ഇയാളാണെന്ന് ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാല്‍ പറഞ്ഞു. വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് വസ്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ കുടുങ്ങിയേക്കുമെന്നും പൊലിസ് പറഞ്ഞു.
ഇടപ്പള്ളിയിലെ വസ്തു ഇടപാടില്‍ സെബാസ്റ്റ്യനൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഷാജി ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.വ്യാജ മുക്ത്യാര്‍ തയാറാക്കുന്നതിന് ഇടപ്പള്ളിയിലെ ആധാരമെഴുത്തുകാരന് 10,000 രൂപ നല്‍കിയതായും സെബാസ്റ്റ്യന്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."