ജി.എന്‍.പി.സി ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന് മുന്‍കൂര്‍ ജാമ്യംതേടി
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ എക്സൈസ് കേസെടുത്ത ഫേസ്ബുക്ക് കൂട്ടായ്മ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അഡ്മിന് ടി.എന്‍ അജിത് കുമാര്‍ മൂന്‍കൂര്‍ ജാമ്യം തേടിയത്.
ഇതിനിടെ ഈ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരായ നടപടികള്‍ക്ക് എക്സൈസ് വകുപ്പ് കുരുക്ക് മുറുക്കി. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോര്‍ട്ട് എക്സൈസ് പൊലിസിന് കൈമാറിയിട്ടുണ്ട്. കൊച്ചുകുട്ടികളെ വരെ മദ്യത്തിനൊപ്പം നിര്‍ത്തിയുള്ള ഫോട്ടോകള്‍, മത ചിഹ്നങ്ങള്‍ ഒപ്പം ചേര്‍ത്തുവച്ചുള്ള മദ്യപാനത്തിന്റെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ എക്സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തദിവസം തന്നെ പൊലിസ് നടപടിയുണ്ടാകും.
ജി.എന്‍.പി.സിയുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിടുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും കാണിച്ചാണ് അഡ്മിന് ടി.എന്‍ അജിത് കുമാര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അജിത് കുമാറിനും ഭാര്യ വിനീതക്കുമെതിരേ കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണ്.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം. 18 ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.
ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന് ആയ അജിത്കുമാറിനെ ഒന്നാം പ്രതിയാക്കിയും അഡ്മിന്മാരില് ഒരാളായ ഭാര്യ വിനീതയെ രണ്ടാം പ്രതിയാക്കിയുമാണു കേസ്. മറ്റ് 38 അഡ്മിന്മാര്ക്കെതിരേയും കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."