കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് ശാപമോക്ഷം
മാഹി: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തടസങ്ങള്‍ നീങ്ങി. ഒടുവില്‍ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് ശാപമോക്ഷമാവുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവസാനഘട്ട പ്രവൃത്തികള്‍ക്ക് തുടക്കമായതോടെ മേല്‍പ്പാലത്തിനുള്ള കാത്തിരിപ്പിന് വിരാമമായി.
ഈ വര്‍ഷം അവസാനത്തോടെ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് ഇതിന്റെ നിര്‍മാണചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍.ബി.ഡി.സി) അധികൃതര്‍ പറഞ്ഞു.
ദേശീയപാതയ്ക്ക് സമീപം അടക്കം ഇരുഭാഗത്തെയും അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും മറ്റും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളത്. ദേശീയപാതയ്ക്ക് സമീപമുള്ള ഭൂമിയില്‍ അപ്രോച്ച് റോഡ് പണിയുന്നത് സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി തര്‍ക്കം നിലനിന്നിരുന്നു.
എന്നാല്‍, സ്ഥലമെടുപ്പ് നടത്തിയ കൊയിലാണ്ടി റവന്യു ഓഫീസില്‍ വെച്ച് സ്വകാര്യ വ്യക്തിയുമായുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. തര്‍ക്കം തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെയും മേല്‍പ്പാലത്തിന്റെയും മറ്റ് അനുബന്ധ പ്രവൃത്തികളും തുടങ്ങിയില്ല. റെയില്‍വേ പാളത്തിന് മുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
2016 അവസാനത്തോടെ ദേശീയ പാത കടന്നുപോകുന്ന ഭാഗത്തെ സ്ഥലം മേല്‍പ്പാലത്തിന് ലഭിക്കുന്നതിന് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്നാണ് അവസാനഘട്ട പ്രവൃത്തി മുടങ്ങിയത്. 1.76 കോടി രൂപ യുടെ പ്രവൃത്തികള്‍ക്കുള്ള എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. 90ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടും തുടര്‍പ്രവൃത്തി നടക്കാത്തത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
താലൂക്ക് വികസനസമിതിയില്‍ അടക്കം മേല്‍പ്പാലം പണി മുടങ്ങിയതിനെപ്പറ്റി വിമര്‍ശനം ഉയര്‍ന്നിരുന്നു.
കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ ദേശീയ പാതയിലടക്കം രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായാണ് റെയില്‍ ബ്രിഡ്ജസ് ആന്‍ഡ് കോര്‍പ്പറേഷന്‍ മേല്‍പ്പാലം പണിയാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."