കേരള കോണ്‍ഗ്രസ് ജനസമ്മതിയുള്ള പാര്‍ട്ടി തന്നെ: കാനത്തെ തള്ളി കോടിയേരി: ജോസ് വിഭാഗത്തിനു സ്വാഗതമോതി സി.പി.എം
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തിനു മുമ്പില്‍ വാതില്‍ തുറന്നുവെച്ച് സി.പി.എം. സി.പി.ഐയുടെ എതിര്‍പ്പിനെ അവഗണിച്ചും ഇവരെ ഒപ്പം കൂട്ടുമെന്നുതന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന് ഇന്നു വാര്‍ത്താ സമ്മേളനത്തില്‍ പറയാതെ പറഞ്ഞത്.
ജോസ്.കെ മാണി വിഭാഗം നിലപാട് പ്രഖ്യാപിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുതന്നെ കാനത്തെ തള്ളി കോടിയേരി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജനസമ്മതിയുള്ള പാര്‍ട്ടി തന്നെയാണെന്നും കോടിയേരി വ്യക്തമാക്കിയതും സി.പി.ഐയെ തള്ളിയാണ്. യു.ഡി.എഫിനെ തോല്‍പ്പിക്കാനും ജയിപ്പിക്കാനും കരുത്തുള്ള പാര്‍ട്ടിയാണവര്‍. ഞങ്ങളും ചിലപ്പോഴെല്ലാം തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്. എന്നുകരുതി സി.പി.എം ബഹുജനാടിത്തറയില്ലാത്ത പാര്‍ട്ടിയാണെന്നു പറയാനാകുമോ എന്നും കോടിയേരി ചോദിച്ചു.
യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ട്. ആ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് ജോസ്.കെ മാണി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ യു.ഡി.എഫിലെ പ്രതിസന്ധിയെ മൂര്ച്ചിപ്പിക്കല് എല്‍.ഡി.എഫ് നയമല്ല.
പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടിനെയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. അതറിഞ്ഞിട്ടേ നിലപാട് വ്യക്തമാക്കൂ. മുമ്പും അങ്ങനെയാണ് സി.പി.എം നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും 65 ല്‍ ഒറ്റയ്ക്ക് മത്സരിച്ച കാര്യവും സി.പി.ഐക്കുള്ള ഒളിയമ്പായി കോടിയേരി ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ സി.പി.ഐയോ സി.പി.ഐയുടെ നിലപാടില്‍ ഇടപെടാന്‍ സി.പി.എമ്മോ വരരുത്. രണ്ടും രണ്ടും പാര്‍ട്ടിയായതിനാല്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അതു മുന്നണിയോഗത്തിലാണ് പറയോണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ സി.പി.ഐയുമായി കൂടിയാലോചിച്ചുമാത്രമേ തീരുമാനങ്ങളെടുക്കൂ എന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."