കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയത് ലീഗിനെ പ്രീതിപ്പെടുത്താന്‍; കെ.കെ ആലി മാസ്റ്റര്‍
കൊടുവള്ളി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന കാരണം പറഞ്ഞ് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടി മുസ്ലിം ലീഗിനെ പ്രീതിപ്പെടുത്താനാണെന്ന് കെ.കെ ആലി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ താന്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ചില നേതാക്കന്മാരുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി മനപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളാണ്.
കിഴക്കോത്ത് പഞ്ചായത്തിലടക്കം മുസ്ലിം ലീഗുകാര്‍ പോലും റസാഖ് മാസ്റ്റര്‍ക്ക് വോട്ട് ചെയ്തിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ മുസ്ലിം ലീഗിന്റെ കാല്ക്കീഴില് നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്ക് സാധിക്കുന്നില്ല. തനിക്കെതിരെ വിശദീകരണം പോലും ചോദിക്കാതെയെടുത്ത നടപടിക്കെതിരെ നാളെ ആവിലോറയില് പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ.കെ ആലി മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രഭാകരന് കണ്ണാളി, കെ.പി അയമ്മദ് കുട്ടി മാസ്റ്റര്‍, ബാലകൃഷ്ണന് പന്നൂര്, കെ.ടി അബ്ദുറഹ്മാന്, എ.പാച്ചന്, കെ.പി മൂസക്കുട്ടി, ടി.എം മുഹമ്മദ്, എം.എം അബൂബക്കര്‍, അബ്ദുറഹ്മാന്, പി.വി അയമ്മത്, മുഹമ്മദ് ഒതയോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."