ജനത്തിന് മനസിലാകാത്ത നയമാണ് സി.പി.എമ്മിന്റെ ശോഷണത്തിന് കാരണം: എം.എ ബേബി
തൃശൂര്‍: പാര്‍ട്ടിയുടെ നയം ജനത്തിന് മനസിലാകാത്തതാണ് സി.പി.എമ്മിന് ദേശീയ തലത്തിലുണ്ടായ ശോഷണത്തിന് കാരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ പാര്‍ട്ടി നയങ്ങള്‍ വ്യക്തമാക്കിയാലെ പാര്‍ട്ടിയെ തിരിച്ചുകൊണ്ടു വരാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രാഷ്ട്രീയം പറയാം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പോറലേറ്റിട്ടുണ്ട് എന്നത് സത്യമാണ്. നേതാക്കളുടെ തലക്കനവും തെറ്റായ പല നിലപാടുകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. നയങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്ന് കരുതുന്നില്ല. എന്നാല്‍, കുറച്ചുകൂടി ലളിതമാക്കി നയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണം. ബംഗാളിലടക്കം മുന്‍പും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. അന്ന് എതിരാളികളായ കോണ്‍ഗ്രസ് പറഞ്ഞിരുന്നത് ആയിരം വര്‍ഷംക്കഴിഞ്ഞാലും സി.പി.എമ്മിന് തിരിച്ചുവരാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ അത്തരമൊരു ഘട്ടത്തെയൊക്കെ അതിജീവിച്ച് ബംഗാളില്‍ ദീര്‍ഘ കാലം ഭരണത്തിലിരിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. ബംഗാളില്‍ പാര്‍ട്ടിക്ക് ഇനിയും തിരിച്ചുവരാന്‍ കഴിയും. എന്നാല്‍ അത് മുന്‍പത്തെ പോലെ പെട്ടെന്ന് സാധ്യമാകണമെന്നില്ല.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ ബദലിന് ഇപ്പോഴും പ്രസക്തിയുണ്ട്. അത് കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ചെങ്കൊടിയേന്തി കര്‍ഷകര്‍ നടത്തിയ ലോംഗ് മാര്‍ച്ച് ഇത്തരത്തിലൊരു ബദലാണ്. കോണ്‍ഗ്രസ്, ബി.ജെ.പി ഇതര ബദലിനെ കുറിച്ച് ആലോചിക്കേണ്ട സമയമല്ല ഇപ്പോള്‍. ബി.ജെ.പി വിരുദ്ധ മതേതര സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കേണ്ടത്. അത്തരമൊരു സര്‍ക്കാരില്‍ ആരെയങ്കിലും ബലംപ്രയോഗിച്ച് മാറ്റി നിര്‍ത്തണമെന്നോ, ചേര്‍ത്ത് നിര്‍ത്തണമെന്നോ സി.പി.എമ്മിന് നിര്‍ബന്ധ ബുദ്ധിയില്ല.വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിയോടുള്ള വിമര്‍ശനം അതിരുവിട്ടു പോകരുതെന്നാണ് തന്റെ അഭിപ്രായം. തിരിച്ച് രാഹുലും ഇടതുപക്ഷത്തെ അതിരുവിട്ട് വിമര്‍ശിക്കാന്‍ പാടില്ല. എന്നാല്‍,ഒരു പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സി.പി.എമ്മിനേയും പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയുമാണ്. ബി.ജെ.പിയെ കുറിച്ചുള്ള വിമര്‍ശനം ചെറിയ പരമാര്‍ശങ്ങളിലൊതുങ്ങുന്നു.കോണ്‍ഗ്രസ് മുക്ത ഭാരതം ഒരു കാലത്തും സി.പി.എമ്മിന്റെ നയമായിരുന്നില്ല. ഇപ്പോഴും അത്തരമൊരു നയം സി.പി.എമ്മിനില്ല. കോണ്‍ഗ്രസിന്റെ വിഢിത്തരം കൊണ്ടുമാത്രമാണ് അവര്‍ക്ക് പലപ്പോഴും തകര്‍ച്ച നേരിട്ടത്. 77ല്‍ വി.പി സിംഗിന്റെ മന്ത്രിസഭയ്ക്ക് സി.പി.എം പിന്തുണകൊടുത്തത് നയപരമായ കാരണങ്ങളാലാണ്. ആ കാലഘട്ടത്തില്‍ അത്തരമൊരു സര്‍ക്കാര്‍ ആവശ്യമായിരുന്നു. ജനസംഘത്തിന്റെ പിന്തുണകൂടി ആ സര്‍ക്കാരിനുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ വര്‍ഗീയത ഇളക്കി വിട്ട് എല്‍.കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് വി.പി സിംഗിന്റെ സര്‍ക്കാരാണ്. ഇതേതുടര്‍ന്നാണ് ജനസംഘം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജനസംഘം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്യണമെന്ന് അന്ന് ഇടതുപക്ഷം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയാറായില്ല. അത്തരമൊരു മണ്ടത്തരം കോണ്‍ഗ്രസ് ചെയ്തിരുന്നില്ലെങ്കില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടില്ലായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും എം.എ ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."