ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി ആരംഭിച്ചു
പിറവം: നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി ആരംഭിച്ചു. വീടുകളിലെ മാലിന്യം അവിടെത്തന്നെ സംസ്‌കരിച്ച് വളമാക്കുന്നതിനുള്ള പദ്ധതിക്കാണ് നഗരസഭ തുടക്കമിട്ടിരിക്കുന്നത്. പദ്ധതിയില്‍ ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഗ്യാസ് പ്ലാന്റ് എന്നിവയാണ് നടപ്പാക്കുന്നത്. അടുക്കള മാലിന്യം ബക്കറ്റിലെ ജൈവ മിശ്രിതത്തിനൊപ്പം സൂക്ഷിച്ച് ഒരുമാസം കൊണ്ട് ജൈവവളമാക്കി മാറ്റുന്നതാണ് ബക്കറ്റ് കമ്പോസ്റ്റ് പദ്ധതി. അടുക്കള മാലിന്യങ്ങളടക്കം വീട്ടിലുണ്ടാകുന്ന മുഴുവന്‍ ജൈവ മാലിന്യങ്ങളും ബയോ ഗ്യാസ് ടാങ്കില്‍ നിക്ഷേപിച്ച് അതില്‍ നിന്ന് പാചക വാതകം ഉത്പാദിപ്പിക്കുന്നതാണ് ബയോഗ്യാസ് പദ്ധതി. നഗരസഭയിലെ 27 വാര്‍ഡുകളില്‍ നിന്നായി 200 കുടുംബങ്ങള്‍ക്ക് ബക്കറ്റ് കമ്പോസ്റ്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നൂറ് കുടുംബങ്ങള്‍ക്ക് ബയോ ഗ്യാസ് പ്ലാന്റ് ലഭിക്കും. നഗരസഭയുടെ സഹായവും ഗുണഭോക്തൃ വിഹിതവും ചേര്‍ത്താണ് രണ്ടും നടപ്പാക്കുന്നത്. ബക്കറ്റ് കമ്പോസ്റ്റ് പദ്ധതിക്കുള്ള ബക്കറ്റുകള്‍ വിതരണം ചെയ്ത് നഗരസഭാധ്യക്ഷന്‍ സാബു കെ. ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ അന്നമ്മ ഡോമി ചടങ്ങില്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ അരുണ്‍ കല്ലറയ്ക്കല്‍ സിജി സുകുമാരന്‍, അംഗങ്ങളായ തമ്പി പുതുവാക്കുന്നേല്‍, ബെന്നി വി. വര്‍ഗീസ്, സോജന്‍ ജോര്‍ജ്, ഉണ്ണി വല്ലയില്‍, കെ.ആര്‍. ശശി, മുകേഷ് തങ്കപ്പന്‍, സുനിത വിമല്‍, വത്സല വര്‍ഗീസ്, റീജ ഷാജു, ഷിജി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."