അഭിമന്യുവിന്റെ കുടുംബത്തിന് ചൊവ്വാഴ്ച തുക കൈമാറും
കൊച്ചി: സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂവണിയും മുന്‍പ് ലോകത്തോട് വിടപറഞ്ഞ തങ്ങളുടെ പ്രിയ വിദ്യാര്‍ഥി അഭിമന്യുവിന്റെ കുടുംബത്തിനു കൈത്താങ്ങാവാന്‍ മഹാരാജാസ് കോളജിലെ അധ്യാപകരും അനധ്യാപകരും വട്ടവടയിലേക്ക്. അധ്യാപകരും അനധ്യാപകരും ചേര്‍ന്നു പിരിച്ചെടുത്ത അഞ്ചു ലക്ഷത്തോളം രൂപ ചൊവാഴ്ച്ച വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തി കൈമാറും. പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പി.ടി.എ സെക്രട്ടറി, ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍ അടക്കം പന്ത്രണ്ടോളം പേരാണ് വട്ടവടയിലേക്കു പോകുന്നത്.
കോളജിലെ അധ്യാപകരും അനധ്യാപകരും റിട്ടയര്‍ ചെയ്തവരും സ്ഥലം മാറി പോയവരും അടക്കം മുന്നൂറോളം പേരാണ് ധനസമാഹരണത്തില്‍ പങ്കാളികളായത്. അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വത്സറിന്റെ നേതൃത്വത്തിലാണ് കമ്മിഷന്‍. പൊലിസ് അന്വേഷണം പൂര്‍ത്തിയാകുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരേ കൂടുതല്‍ നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് കാമ്പംപസില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നതും കമ്മിഷന്‍ പരിശോധിക്കും. റിപ്പോര്‍ട്ട് ഈ ആഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."