ബോട്‌സ്വാനയില്‍ രണ്ടുമാസത്തിനിടെ ചരിഞ്ഞത് 400 കാട്ടാനകള്‍
ഗബൊറോണ്‍: ആഫ്രിക്കയിലെ ആനകളുടെ മൂന്നിലൊന്നുമുള്ള ബോട്‌സ്വാനയില്‍ രണ്ട് മാസത്തിനിടെ ചരിഞ്ഞത് 400ലധികം ആനകള്‍. മേയിലാണ് ആദ്യമായി ഇത്തരത്തില്‍ ചെരിഞ്ഞ ആനയെ ഗവേഷകര്‍ കണ്ടെത്തിയത്.
എന്നാല്‍ ആനകളുടെ മരണത്തില്‍ യാതൊരു അസ്വാഭാവികതയും കണ്ടെത്താന്‍ സാധിച്ചില്ല. ആനകള്‍ക്ക് കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ വേട്ടക്കിടെയല്ല ആനകള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. നാഡികളെ ബാധിക്കുന്ന വിഷം അകത്ത് ചെന്നാണോ ആനകള്‍ ചരിയുന്നതെന്നും സംശയമുണ്ട്.
ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത് പ്രകൃതിദത്തമായ വെള്ളക്കുഴികള്‍ക്കടുത്താണ്.
പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് മുഖമടിച്ച് വീണ നിലയിലാണ് ജഡങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വരള്‍ച്ച കാരണമാണ് ആനകള്‍ ചെരിഞ്ഞതെന്ന് പറയാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എന്തെങ്കിലും രോഗം മൂലമായിരിക്കാം ചരിഞ്ഞതെന്നും മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.ആനകളുടെ ജഡത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നുമെന്ന് ബോട്‌സ്വാന സര്‍ക്കാര്‍ വ്യക്തമാക്കി.
മിക്ക ജഡങ്ങള്‍ക്കും രണ്ടാഴ്ച മുതല്‍ ഒരുദിവസം വരെയേ പഴക്കമുള്ളൂ. എന്നാല്‍ കുട്ടിയാനകളെ ഒന്നും ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടില്ല. ആനകളുടെ ജഡത്തിന്റെ സാംപിളുകള്‍ കാനഡ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ ലബോറട്ടറികളില്‍ പരിശോധന നടത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."