കപ്പ വില ഉയര്‍ന്നു; കിലോ 25 രൂപ
കട്ടപ്പന: ഹൈറേഞ്ചില്‍ കപ്പ വില ഉയര്‍ന്നു. പച്ച കപ്പയ്ക്ക് ഇപ്പോള്‍ കിലോഗ്രാമിന് 25 രൂപയാണ് ചില്ലറ വില. ഒരുവര്‍ഷമായി പച്ചക്കപ്പ വില 20 രൂപയില്‍ തന്നെ തുടരുകയായിരുന്നു. വിലവര്‍ധനവ് കര്‍ഷകരില്‍ ഒരു ഉണര്‍വ് പ്രദാനം ചെയ്തിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് അങ്ങനെയല്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഴയെന്നോ വേനലെന്നോ നോക്കാതെ ഏതു കാലത്തും ഡിമാന്‍ഡ് ഉള്ളതുകൊണ്ട് കര്‍ഷകര്‍ മരച്ചീനിക്ക് നല്ല പ്രാധാന്യം നല്കിവരുന്നു.
ഉല്പാദിപ്പിക്കുന്ന മരച്ചീനി വിറ്റഴിക്കാനും പ്രയാസമില്ല. വ്യാപാരികള്‍ ലോറിയും തുലാസുമായി മരച്ചീനി തോട്ടത്തില്‍ വന്ന് വാങ്ങി തൂക്കംനോക്കി പണം നല്കി കൊണ്ടുപോവുകയാണു പതിവ്. പല സ്ഥലങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ സ്ഥലം കണ്ടെത്തി മരച്ചീനി കൃഷി നടത്തി നല്ല ലാഭം നേടിയിരുന്നു. നാട്ടില്‍ ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനവും കുടുംബശ്രീക്ക് നല്ല വരുമാനവും ഇതുമൂലം ഉണ്ടായി. എന്നാല്‍, നേരത്തെ എത്തിയ കാലവര്‍ഷം മരച്ചീനി കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
മഴ അധികമായതോടെ വയലുകളിലെ മരച്ചീനി തോട്ടങ്ങളില്‍ വെള്ളം കയറിയത് ദോഷമായി. ഇത് വിപണനത്തെ പ്രതികൂലമായി ബാധിച്ചു. സിലോണ്‍ 8, ആമ്പക്കാടന്‍ തുടങ്ങിയ ഇനങ്ങളാണ് ഹൈറേഞ്ചില്‍ മരച്ചീനി കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്നത്. മറയൂരില്‍ ഒട്ടേറെ കര്‍ഷകര്‍ മരച്ചീനി കൃഷി ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."