തെരഞ്ഞെടുപ്പിനു മുന്‍പേ മുട്ടുവിറയ്ക്കുന്ന സി.പി.എം
മുസ്‌ലിം ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുന്ന സുമനസുകളേറെയുണ്ട്. മതേതര പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് നിരീക്ഷിച്ച് അതതു കാലത്ത് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരു സംവിധാനം തന്നെ തിരുവനന്തപുരം എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍, തെരഞ്ഞെടുപ്പ് അടുത്താല്‍ അവര്‍ അതു വെളിപ്പെടുത്തിക്കൊണ്ടിരിക്കും. ഒരേ ഉല്‍പന്നമായ അടിവസ്ത്രം പാവപ്പെട്ടവന്‍ ധരിച്ചാല്‍ ട്രൗസറെന്നും ധനാഢ്യന്‍ ധരിച്ചാല്‍ ബര്‍മുഡയെന്നും പേരുമാറ്റി വിളിക്കുന്നതു പോലെ ആളും അവസ്ഥയും നോക്കി അതിനു പ്രത്യയശാസ്ത്ര പിന്‍ബലവും നല്‍കും.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ന്യൂനപക്ഷ വോട്ട് മേല്‍ക്കൈ നേടുന്നിടത്തെല്ലാം എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും മുന്നണിയായും നീക്കുപോക്കുകള്‍ നടത്തിയും സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അതിനെ വിളിച്ചത്, ഇടത് അനുകൂല മുസ്‌ലിം തരംഗം എന്നായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വെമ്പയം, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പാണാവള്ളി, തൃശൂര്‍ ജില്ലയിലെ മതിലകം, മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി, പറപ്പൂര്‍, കീഴ്പറമ്പ്, മൊറയൂര്‍, മങ്കട, കുറുവ, വെട്ടം, കല്‍പകഞ്ചേരി, തലക്കാട്, എ.ആര്‍ നഗര്‍, കണ്ണമംഗലം, കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സഖ്യമായും ചീക്കോട്, പൊന്മള, തൃക്കലങ്ങോട്, മക്കരപറമ്പ്, പെരുമ്പടപ്പ്, തിരുനാവായ, ഒതുക്കുങ്ങല്‍, തുവ്വൂര്‍, പെരുവള്ളൂര്‍, ചെറുകാവ്, മഞ്ചേരി മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നീക്കുപോക്കുണ്ടാക്കിയും എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളുമായി യോജിച്ച് സി.പി.എം വിജയം കൊയ്തപ്പോള്‍ ഈ തരംഗത്തിനെതിരേ ആരും ഗവേഷണത്തിനു പോകാതിരുന്നത് അതു ബര്‍മുഡയായി തോന്നിയതു കൊണ്ടായിരിക്കും.
കേരളത്തില്‍ തീവ്ര വാദ ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏതു ശക്തികള്‍ ശ്രമിച്ചാലും അതിനെ വിവേകപൂര്‍വം ചെറുത്തുതോല്‍പ്പിച്ചതാണു ലീഗിന്റെ പാരമ്പര്യം. ഐ.എസ് ജന്മമെടുത്ത സാഹചര്യത്തില്‍ അതിനെതിരേ മുസ്‌ലിം ലീഗ് പ്രതിരോധം തീര്‍ത്തപ്പോള്‍ സന്ദര്‍ഭം മുതലെടുത്ത് അതിനു നേതൃത്വം നല്‍കിയവരെ പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേദിയില്‍ സഖാവ് പിണറായി വിജയന്‍ കാത്തിരുന്നത് രാഷ്ട്രീയകേരളം മറന്നിട്ടില്ല. രാജ്യത്തു ശക്തിയാര്‍ജിച്ച ഫാസിസ്റ്റ് വര്‍ഗീയതയ്‌ക്കെതിരേ മതേതര വീക്ഷണം ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയെ മുസ്‌ലിം ലീഗ് ഏകോപിപ്പിച്ച് നിര്‍ത്തുന്നതിന്റെ ഗുണഫലം കൂടിയാണു കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന നന്മ. കേരളത്തേക്കാള്‍ മുസ്‌ലിം ജനസഖ്യയുള്ള പശ്ചിമബംഗാളില്‍ സി.പി.എം തെരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ സാധ്യമാകാത്ത കക്ഷിയായി മാറിയതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുന്നത് ഉചിതമായിരിക്കും.
എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായി അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗ് സഖ്യമുണ്ടാക്കില്ലെന്നും ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങള്‍ക്കനുസൃതമായി സഹകരിക്കാവുന്നവരുമായി ചര്‍ച്ച നടത്തുമെന്നും മുസ്‌ലിം ലീഗ് പറഞ്ഞാല്‍ പരിഭ്രമിക്കുന്നത് എന്തിനാണ്?. മുസ്‌ലിം ലീഗിനെതിരേ കൂറുമുന്നണികള്‍ ജന്മമെടുക്കുമ്പോഴൊക്കെ അതിനു സാമ്പാര്‍ എന്നും അവിയലെന്നുമൊക്കെ രുചിഭേദമുള്ള പേരുവിളിച്ച് പ്രോത്സാഹിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ ഉറക്കംവരാത്ത രാത്രികളായിരിക്കുന്നു.
കൊവിഡ്-19 മഹാമാരിയുടെ മറവില്‍ സായാഹ്ന വാര്‍ത്താവായന നടത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കാമെന്നു കരുതിയ ഇടതുമുന്നണിക്ക് ഇപ്പോള്‍ കാലിടറിയിരിക്കുന്നു. സര്‍ക്കാരിനെതിരേ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിയാരോപണങ്ങളും കേരളത്തിന്റെ വളര്‍ച്ചയുടെ ജീവനാഡികളായ പ്രവാസി സമൂഹത്തോടു സര്‍ക്കാര്‍ കാണിച്ച നിഷേധാത്മക നിലപാടും തിരിച്ചടിയാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഒരു മഹാമാരിയില്‍നിന്ന് സ്വന്തം ജനതയെ നാട്ടിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളൊരുക്കിയ സന്നദ്ധസംഘടന എന്ന ഖ്യാതിയും മിഡില്‍ഈസ്റ്റില്‍ ശ്രദ്ധേയമായ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ കാണിച്ച നേതൃപാടവവുമൊക്കെ മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സിക്ക് സ്വീകാര്യത വര്‍ധിപ്പിച്ചത് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രത്തിനു കത്തയച്ചതും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു നിരക്ക് കൂടുതലാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ നോക്കിയതും പിന്നീട് ആദ്യം മുഖ്യമന്ത്രി ഉറപ്പുനല്‍കിയ ക്വാറന്റൈന്‍ സൗകര്യം നല്‍കാനാവില്ലെന്നറിയിച്ചതും ഏറ്റവുമൊടുവില്‍, കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും ട്രൂനാറ്റ് ഉപേക്ഷിച്ച് പി.പി.ഇ കിറ്റില്‍ അഭയം കണ്ടെത്തിയതും ആരും മറക്കാനിടയില്ല.
മരണത്തെ മുഖാമുഖം കണ്ട നാളുകളില്‍ പ്രവാസികളോട് ഇത്രയേറെ കണ്ണില്‍ച്ചോരയില്ലായ്മ കാണിച്ച സര്‍ക്കാരുകള്‍ വേറെയുണ്ടാകില്ല. വിദേശത്തു മരിച്ച സ്വന്തം നാട്ടുകാരായ മുന്നൂറോളം പ്രവാസികളുടെ കണക്ക് നാവുകൊണ്ട് പറയാതെ ഇവിടെ കൊവിഡ് പോസിറ്റീവാകുന്നവരില്‍ ഭൂരിപക്ഷവും പ്രവാസികളാണെന്നു ദിനേ ന മാധ്യമങ്ങളോടു പറയുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമറിയാം, അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബാലികേറാമലയാകുമെന്ന്. പ്രവാസി സുരക്ഷയില്‍ സര്‍ക്കാരിനു കാലിടറിയെന്നു തിരിച്ചറിഞ്ഞ സി.പി.എമ്മിനു ജനങ്ങളെ സമീപിക്കാന്‍ മുട്ടുവിറയ്ക്കുന്നുണ്ട്. അതുകൊണ്ടാണു മുസ്‌ലിം ലീഗിനെ തളര്‍ത്താന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പുറപ്പെട്ടത്.
രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ പോലും ഹിന്ദുത്വ ഭീകരര്‍ വംശഹത്യ നടത്തി മുസ്‌ലിംകളെ അഴുക്കുചാലില്‍ തള്ളിയെന്ന് ദില്ലി പൊലിസ് കുറ്റപത്രം നല്‍കുന്ന വാര്‍ത്ത ഭീതിയോടെ പങ്കുവയ്ക്കുമ്പോഴും ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്ന നിലയില്‍ മുസ്‌ലിം ലീഗിനെ ലക്ഷ്യംവയ്ക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നു തിരിച്ചറിയാന്‍ പ്രബുദ്ധ കേരളത്തിനാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."