ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്നത്
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇടതുസര്‍ക്കാര്‍ അടുത്തിടെ നടത്തുന്ന ഇടപെടലുകള്‍, പരിഷ്‌കാരങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുക. വേണ്ടത്ര മുന്നൊരുക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ ദിനേന വിവിധ ഓര്‍ഡറുകളിലൂടെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥവൃന്ദവും കാട്ടുന്ന പ്രവര്‍ത്തികള്‍ ഇതുവരെ ഉന്നതവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെ പുറകോട്ടടിപ്പിക്കുന്നതാണ്. അണയാന്‍ പോകുന്ന വിളക്ക് ആളിക്കത്തുന്നതു പോലെ, കാലാവധി തികയാന്‍ പോകുന്ന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറക്കുന്ന ഓര്‍ഡറുകള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയതാല്‍പര്യങ്ങളും മറ്റും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
വിവാദ ഓര്‍ഡര്‍
പി.എസ്.സി പരീക്ഷ എഴുതി കോളജ് അധ്യാപക ജോലി പ്രതീക്ഷിക്കുന്നവരും പുതിയ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിച്ച് തീവ്രപരിശീലനത്തിലേര്‍പ്പെട്ടവരും മുന്നോട്ടുപോകുന്നതിനിടെയാണ് പി.ജി വെയിറ്റേജ് എടുത്തുകളഞ്ഞും അധ്യാപക നിയമനത്തിനു 16 മണിക്കൂര്‍ നിര്‍ബന്ധമാക്കിയും കൊണ്ടുള്ള ഓര്‍ഡര്‍ 2020 ഏപ്രില്‍ ഒന്നിനു സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തൊഴില്‍ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു പ്രസ്തുത ഓര്‍ഡര്‍. ഗസ്റ്റ് അധ്യാപകരെ പോലും നിയമിക്കാന്‍ പറ്റാത്ത തരത്തില്‍ അത്ര കര്‍ക്കശമായാണ് ഉത്തരവ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ മണ്ഡലങ്ങളിലും കോളജുകള്‍ ആരംഭിച്ചിരുന്നു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിച്ചതോടൊപ്പം ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അധ്യാപകരായി ജോലി ലഭിക്കാന്‍ അവസരമൊരുക്കുകയും കൂടിയായിരുന്നു അതിലൂടെ ചെയ്തത്. ഇതിലൂടെ പഴയ പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് കുറേ പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും കുറച്ചുപേര്‍ക്ക് ലിസ്റ്റില്‍നിന്ന് തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പുതിയ ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുക വഴി ഈ കോളജുകളിലേക്ക് ഉള്‍പ്പെടെ പുതിയ നിയമനത്തിനു പി.എസ്.സി അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ സര്‍വകലാശാല സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ രൂപപ്പെട്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് പത്തു വര്‍ഷത്തേക്ക് മുവ്വായിരത്തിലധികം തസ്തികകള്‍ ഇല്ലാതാക്കുന്ന ഏപ്രില്‍ ഒന്നിലെ ഓര്‍ഡര്‍ പുറത്തിറങ്ങുന്നത്.
തൊഴില്‍ സാധ്യതതകള്‍ ഇല്ലാതാക്കുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയെ വന്ധ്യംകരിക്കുന്ന ഓര്‍ഡര്‍ കൂടിയാണിത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നതോടെ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറയും. കേവലമൊരു തൊഴില്‍ എന്നതിനപ്പുറം നാളെകളില്‍ ഉന്നതവിദ്യാഭ്യാസ മേഖല ശൂന്യമാകാനും സാംസ്‌കാരിക വളര്‍ച്ച മുരടിക്കാനും ഇതു വഴിയൊരുക്കും.
പുതിയ കോഴ്‌സുകളും
ഉന്നതവിദ്യാഭ്യാസ വകുപ്പും
പുതിയ പരിഷ്‌കരണത്തിനു വഴിയൊരുക്കി ഈ വര്‍ഷം ഒക്ടോബറോടു കൂടി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഈ തീരുമാനത്തില്‍ പുതിയ കോഴ്‌സുകള്‍ പ്രതിപാദിക്കുന്നുണ്ട്. സമൂഹത്തില്‍ നിന്നുള്ള ഡിമാന്‍ഡ് ആണ് കോഴ്‌സിനു ആധാരമായി പറയുന്നത്. എന്നാല്‍ ഡിമാന്‍ഡ് ഏത് അടിസ്ഥാനത്തിലാണെന്നതു മാത്രം വ്യക്തമാക്കുന്നുമില്ല. കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാലുള്ള തൊഴില്‍സാധ്യതയും പറയുന്നുണ്ട്. പക്ഷേ, പറയുന്ന കോഴ്‌സുകളും അതിലൂടെ സൃഷ്ടിക്കാന്‍ പോകുന്ന അവസരങ്ങളും വിലയിരുത്തിയാല്‍ ഒടുവില്‍ കുട്ടികള്‍ പെരുവഴിയിലാകുമെന്നതാണു യാഥാര്‍ഥ്യം. കോഴ്‌സുകള്‍ പലതും സ്വാശ്രയ കോഴ്‌സുകളായാണ് അനുവദിക്കപ്പെടുന്നതെങ്കില്‍ സ്വാഭാവികമായും കച്ചവട താല്‍പര്യമാണ് തിടുക്കംകൂട്ടലിനു പിന്നിലെ ചേതോവികാരമെന്നു വ്യക്തമാകും.
ജെ.എന്‍.യു, ഹൈദരാബാദ് തുടങ്ങിയ സര്‍വകലാശാലകളില്‍ ഡിമാന്‍ഡുള്ള കോഴ്‌സ് പൊളിറ്റിക്കല്‍ സയന്‍സാണ്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിഷയത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രധാന വിഷയമായിരിക്കെ, എല്ലാ ജില്ലകളിലും മറ്റു ബിരുദപഠനങ്ങള്‍ക്ക് അവസരമുണ്ടെങ്കിലും ബി.എ പൊളിറ്റിക്കല്‍ സയന്‍സില്ല. പാലക്കാട്, മലപ്പുറം ജില്ലകള്‍ ഇതിന് ഉദാഹരണമാണ്. ഇത്തരം വിഷയങ്ങളൊന്നും കോഴ്‌സില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ഒരുവശത്ത് ഏപ്രില്‍ ഒന്നിലെ ഓര്‍ഡര്‍ വഴി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ മറുവശത്ത് പുതിയ ആശയങ്ങളുടെ മറവില്‍ മറ്റു ചിലരുടെ ലോബിയിങ്ങിനു സര്‍ക്കാര്‍ വഴിപ്പെടുന്നതായാണു മനസിലാക്കുന്നത്. മാത്രമല്ല, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തന്നെയുള്ള സര്‍ക്കാരിന്റെ 'ആത്മാര്‍ഥ' നടപടികളില്‍ സംശയിച്ചാല്‍ തെറ്റുപറയാനുമാകില്ല.
വൈസ് ചാന്‍സലര്‍ ഇല്ല;
തീരുമാനങ്ങള്‍ ഏകപക്ഷീയം
വൈസ് ചാന്‍സലര്‍ ഇല്ലാതെ കാലിക്കറ്റ് സര്‍വകലാശാല ഏഴുമാസം പിന്നിടുകയാണ്. സെലക്ഷന്‍ കമ്മിറ്റി റാങ്ക്‌ലിസ്റ്റ് നല്‍കിയിട്ടും ഗവര്‍ണറുടെ അംഗീകാരത്തോടു കൂടി അര്‍ഹനായ ഒരാളെ നിയമിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അധ്യയനം, പരീക്ഷ, മൂല്യനിര്‍ണയം തുടങ്ങിയവ പ്രതിസന്ധിയിലായ കൊവിഡ് കാലത്താണ് ഇതൊക്കെയെന്നോര്‍ക്കുക.
മറ്റു സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ ആണെങ്കില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിക്കുന്ന യോഗത്തില്‍ പങ്കെടുത്ത് അപ്രായോഗിക കാര്യങ്ങള്‍ പോലും ഏറ്റെടുത്ത് നടപ്പാക്കാന്‍ മത്സരിക്കുകയാണ്. എന്തു പറയണമെന്ന് വകുപ്പ് അധ്യക്ഷന്‍മാരോട് പോലും കൂടിയാലോചിക്കാതെയാണ് വൈസ് ചാന്‍സലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ പൊതുവികാരത്തിനു പകരം മന്ത്രിയും വകുപ്പും എടുക്കുന്ന പല ഏകപക്ഷീയ തീരുമാനങ്ങള്‍ അപകടകരമാണെങ്കിലും ചോദ്യം ചെയ്യാതെ അംഗീകരിച്ചുകൊടുക്കുകയാണ് സര്‍വകലാശാലകള്‍. അധ്യയനവും പരീക്ഷയും നീട്ടിവയ്ക്കാന്‍ യു.ജി.സി ആവശ്യപ്പെടുമ്പോള്‍ മൂല്യനിര്‍ണയം വരെ നടത്തണമെന്ന പിടിവാശിയിലാണ് വകുപ്പ്.
വി.സിയില്ലാത്ത കാലിക്കറ്റില്‍ ഇപ്പോള്‍ രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റ് രാജാണ്. 2009ല്‍ ഇടതുപക്ഷത്തിന്റെ വി.സി ക്ലോസ് ചെയ്ത ഫയല്‍ മറികടന്ന് മുന്‍ വിദ്യാര്‍ഥി നേതാവും ഇപ്പോഴത്തെ ഗസ്റ്റ് അധ്യാപികയുമായ കക്ഷിക്ക് മാര്‍ക്ക് കൂട്ടിനല്‍കിയിരിക്കുകയാണ്. മാത്രമല്ല, അന്നത്തെ ഡയരക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകുന്ന വിചിത്ര കാഴ്ചയും സര്‍വകലാശാലയില്‍ കാണാം.
ചര്‍ച്ചകളില്ലാതെ കോളജ് സമയമാറ്റം
ഈ അധ്യയന വര്‍ഷം മുതല്‍ കോളജ് അധ്യാപന സമയം 8.30 മുതല്‍ 3.30 വരെയാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനമെടുക്കുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളോട് അഭിപ്രായം തേടിയിരുന്നില്ല. ഹോസ്റ്റല്‍ ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ദിനേ ന വിദൂരസ്ഥലങ്ങളില്‍നിന്ന് വന്ന് പഠിക്കുന്നവര്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ എത്തിച്ചേരാന്‍ സമയമാറ്റം അനുവദിക്കില്ല. സര്‍ക്കാര്‍ കോളജുകളില്‍ ഉള്‍പ്പെടെ ഹോസ്റ്റല്‍ സൗകര്യവും കുറവാണ്. പഠനസമയം സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട കോളജുകള്‍ക്കും അനുയോജ്യമായി തീരുമാനിക്കാന്‍ അവസരം നല്‍കുന്നതിനു പകരം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
നടപ്പാക്കാത്ത ശമ്പള പരിഷ്‌കരണം
കഴിഞ്ഞ 14 വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത തൊഴില്‍വര്‍ഗം സര്‍വകലാശാല സര്‍ക്കാര്‍ എയ്ഡഡ് കോളജ് അധ്യാപകരായിരിക്കും. തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. 2016ല്‍ പരിഷ്‌കരിക്കേണ്ട ശമ്പളത്തിന്റെ പകുതി യു.ജി.സി നല്‍കിയിട്ടു പോലും സര്‍ക്കാര്‍ കണ്ണടച്ചു. അരിയര്‍ തുക 2023 മുതല്‍ നല്‍കുമെന്നാണു നിലവിലെ സര്‍ക്കാര്‍ നിലപാട്. 2016 മുതല്‍ ഇതുവരെയുള്ള 50 ശതമാനം യു.ജി.സി വിഹിതം പോലും 2023ലേക്ക് മാറ്റിവയ്ക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
ബോര്‍ഡ് ഓഫ് സ്റ്റഡീസും
സ്വജനപക്ഷവും
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിക്കല്‍ തീര്‍ത്തും രാഷ്ട്രീയപരമാണെന്നിരിക്കെ പേരിനു പോലും പ്രതിപക്ഷ അംഗങ്ങളെ അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍വകലാശാലയിലെ തന്നെ സീനിയര്‍ അധ്യാപകരെ തഴഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുണ്ടായിട്ടും സ്വന്തക്കാരനായ ഹിസ്റ്ററി അധ്യാപകനെ പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായി നിയമിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഇടതുപക്ഷ അധ്യാപകര്‍ ഉണ്ടെന്നിരിക്കെ ഹിസ്റ്ററി അധ്യാപകനെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാക്കി. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചെയര്‍മാനെ മാറ്റിയെങ്കിലും കാതലായ സ്വജനപക്ഷപാതം തുടരുന്നു. എല്ലാ ബോര്‍ഡ് ഓഫ് സ്റ്റഡീലും ഇടതുപക്ഷ ആളുകള്‍ മാത്രം. ഭിന്നാഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് തയാറാക്കേണ്ട സിലബസ് തീരുമാനിക്കേണ്ട ബോര്‍ഡ് ഓഫ് സ്റ്റഡീസ് വെറും ഇടതുരാഷ്ട്രീയ ബോഡി മാത്രമായി മാറി.
ജവഹര്‍ലാല്‍ നെഹ്‌റു ഔട്ട്
കാവിവല്‍ക്കരണത്തിനെതിരേ വാചാലരാകുന്ന ഇടതുപക്ഷ ബുദ്ധിജീവികളും അധ്യാപകരും ഒരുപക്ഷേ, സര്‍വകലാശാലകളിലെ ചുവപ്പുവല്‍ക്കരണത്തിന്റെ തോത് മനസിലാക്കിയിട്ടില്ല. കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളജുകളിലെ എം.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് പേപ്പറില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു പടിക്കുപുറത്താണ്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ ആദ്യ പേരായി പരിഗണിപ്പെടുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. സംഘ്പരിവാര്‍ എതിര്‍ക്കുന്നതും നെഹ്‌റുവിയന്‍ സെക്യുലറിസത്തെയാണ്. വിരോധാഭാസമെന്നത്, മതേതരമെന്ന് നടിക്കുന്നവര്‍ തയാറാക്കിയ പേപ്പറില്‍നിന്നാണ് നെഹ്‌റു അപ്രത്യക്ഷനായത് എന്നതാണ്.
ഞാനാണ് രാഷ്ട്രം എന്നുപറഞ്ഞ് ഫ്രഞ്ച് ജനതയെ അടക്കിഭരിച്ച ലൂയി പതിനാലാമനെ പോലെയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രവര്‍ത്തനം. ഇടതുപക്ഷ സംഘടനകള്‍ക്കു പോലും ഒരക്ഷരം ഉരിയാടാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങള്‍. വരുംതലമുറയ്ക്കു വേണ്ടിയെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രായോഗിക, ഫലലഭ്യതയുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അതിന് എതിരഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
(ലേഖകന്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെംബറാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."