സരസ്വതിയമ്മയുടെ ജീവിതം 25 പൂച്ചമക്കള്‍ക്കൊപ്പം
പാലക്കാട്: സരസ്വതി അമ്മയുടെ ജീവിതം ഇപ്പോള്‍ 25 പൂച്ചമക്കള്‍ക്കൊപ്പമാണ്്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭക്ഷിക്കുന്നതും അന്തിയുറങ്ങുന്നതും ഇവയോടൊപ്പംതന്നെ. ഇവയുടെ കാര്യങ്ങള്‍ നോക്കി കഴിഞ്ഞ ശേഷമേ ഭര്‍ത്താവിന്റെയും ഏക മകന്റെയും കാര്യങ്ങള്‍ നോക്കാറുള്ളു. മൂന്നുനേരം പൂച്ചകള്‍ക്ക് മുടങ്ങാതെ പാലും ചോറും ചേര്‍ന്ന ഭക്ഷണം, ആഴ്ചയില്‍ രണ്ടുതവണ മത്സ്യം, പിന്നെ മാസത്തിലൊരിക്കല്‍ ഇറച്ചിയും. ഇതിനു പുറമെ പൂച്ചകളുടെ പ്രത്യേക മീല്‍സും. ഒരുമാസം ഈ പൂച്ചകള്‍ക്കെല്ലാം കൂടി 3000 രൂപയോളം ചിലവാകും. ഭര്‍ത്താവ് ആര്‍മിയില്‍ മുന്‍ ഹവീല്‍ദാറായിരുന്ന കൃഷ്ണസ്വാമിക്ക് കിട്ടുന്ന പെന്‍ഷനില്‍നിന്നാണ് പൂച്ചകള്‍ക്കു ചിലവിനുള്ള തുക കണ്ടെത്തുന്നത്. ഓരോ ദിവസവും ഇവര്‍ വാടകക്കു താമസിക്കുന്ന ബംഗ്ലാപറമ്പിലെ വീട്ടില്‍ ഒന്നോ രണ്ടോ പൂച്ചക്കുട്ടികള്‍ പുതിയ അതിഥികളായി എത്തും. സമീപ പ്രദേശങ്ങളിലുളള വീടുകളില്‍ പ്രസവിക്കുന്ന ഒന്നിലധികമുള്ള പൂച്ചകുട്ടികളെ ആളുകള്‍ ഇവിടെ കൊണ്ടുവിടുകയാണ് പതിവ് . ഇപ്പോഴുള്ള 25 പൂച്ചകളില്‍ പത്തെണ്ണം കുട്ടികളും അഞ്ചെണ്ണം തള്ള പൂച്ചകളുമാണ്. തള്ളപ്പൂച്ചകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം ഇവിടെ വളരുന്നു. അതുപോലെ പൊതു സ്ഥലങ്ങളില്‍ പൂച്ചകുട്ടികളെ അനാഥമായി കണ്ടാല്‍ നാട്ടുകാര്‍ പിടിച്ചുകൊണ്ടുവന്ന് ഇവരെ ഏല്‍പ്പിക്കും.
ഇപ്പോഴുള്ള പൂച്ചകള്‍ക്കെല്ലാം പേരിട്ടിട്ടുമുണ്ട്. ഓരോന്നിനെയും സരസ്വതിയമ്മ പേര് പറഞ്ഞു വിളിച്ചാല്‍ എല്ലാം ഓടിയെത്തും. പൂച്ചകളും മനുഷ്യരെപോലെയെന്നാണ് സരസ്വതിയമ്മയുടെ പക്ഷം. ഇവയുടെ പേരുകേട്ടാല്‍ ചിരിക്കാത്തവര്‍ കുറവാണ്. ഭഗവതി, വെള്ളിയാഴ്ച, കൊഴിഞ്ഞാമ്പാറ, കരിമണ്ണ്്, തെരുവ്, റാണി, രാജാവ്, സെല്‍വി അങ്ങിനെ രസകരമായ പേരാണിവക്കിട്ടിട്ടുള്ളത്. പുതിയ അതിഥിയായെത്തുന്ന പൂച്ചകുട്ടികളെ ഇവിടെയുള്ള അമ്മപൂച്ചകള്‍ തുടക്കത്തില്‍ പാലൂട്ടി വളര്‍ത്തുന്ന അപൂര്‍വ്വകാഴ്ചയും ഇവിടെയെത്തുന്നവര്‍ക്കു കാണാന്‍കഴിയും. സാധാരണ മറ്റു പൂച്ചകുട്ടികളെ കണ്ടാല്‍ കടിച്ചോടിക്കുകയാണ് തള്ളപ്പൂച്ചകള്‍ ചെയ്യാറുള്ളതെങ്കില്‍ ഇവിടെ എല്ലാവരും ഒന്നിച്ചാണ്. രോഗം പിടിപെട്ടാല്‍ മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കും. രാത്രിയില്‍ സരസ്വതിയമ്മയ്ക്കും ഭര്‍ത്താവ് കൃഷ്ണസ്വാമിക്കും മകന്‍ ശരവണകുമാറിനോടുമൊപ്പമാണ് ഈ മാര്‍ജാരന്മാരുടെ അന്തിയുറക്കം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."