സൂര്യാതപം: ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അതീവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: സൂര്യാതപമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം.
സൂര്യാഘാതവും സൂര്യാതപവും ഒഴിവാക്കാനായി പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്.
അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ലേബര്‍ കമ്മിഷന്റെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി, സമയം ക്രമീകരിക്കണമെന്നാണ് തൊഴില്‍ദാതാക്കള്‍ക്കുള്ള നിര്‍ദേശം.
അതേസമയം ഇരുചക്ര വാഹനങ്ങളില്‍ ഓണ്‌ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണെന്നും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സ്വമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."