അരലക്ഷം പേര്‍ക്കുകൂടി ഈവര്‍ഷം പട്ടയം: മന്ത്രി ചന്ദ്രശേഖരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അര ലക്ഷം പേര്‍ക്ക് കൂടി ഈ വര്‍ഷം പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പട്ടയം നല്‍കുന്നതിന് നിശ്ചിത ഭൂമിയിലെ തടസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരം സംബന്ധിച്ച് മന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിച്ചിട്ടും ഇതുവരെ വിതരണം ചെയ്യാത്ത 11,725.89 ഹെക്ടര്‍ വനഭൂമിക്കും സമയബന്ധിതമായി പട്ടയം നല്‍കും.
ഇടുക്കി ജില്ലയില്‍ 9,867.31 ഹെക്ടറും തൃശൂരില്‍ 1,527.39 ഹെക്ടറും എറണാകുളത്ത് 3,26.42 ഹെക്ടറും വനഭൂമിക്ക് പട്ടയം നല്‍കാനുണ്ട്. തിരുവനന്തപുരം ജില്ലയിലെ 250.269 ഹെക്ടര്‍, കോട്ടയത്ത് 1454.2 ഹെക്ടര്‍, പാലക്കാട് 151.77 ഹെക്ടര്‍ വനഭൂമി വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് സമര്‍പ്പിക്കും.
മൂവാറ്റുപുഴ താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ 2000ത്തിലധികം വനഭൂമി പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളിലെ മെല്ലപ്പോക്ക് പരിശോധിച്ച് എല്‍.ടി, ദേവസ്വം, കാണം പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും.
ഭൂമി വിതരണം ചെയ്യുന്നതിന് സര്‍വേ ആവശ്യമുള്ള സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ തന്നെ ആവശ്യമുള്ള സര്‍വേയര്‍മാരെ മാറ്റി നിയമിക്കും. എല്‍.ആര്‍.എം പരാതികള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും.
വില്ലേജ് ഓഫിസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനകം എല്ലാ വില്ലേജ് ഓഫിസുകളിലും കുടിവെള്ളവും ശുചിമുറികളും സ്ഥാപിക്കും.
വില്ലേജ് ഓഫിസുകളിലെ ജീവനക്കാരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ഓഫിസുകളില്‍ നിയമിക്കരുതെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."