ഉര്‍ദുഗാന്‍ അധികാരമേറ്റു; തുര്‍ക്കിയില്‍ ഇനി പുതുയുഗം
അങ്കാറ: തുര്‍ക്കിയില്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്‍ഷ്യല്‍ യുഗത്തിന് നാന്ദി കുറിച്ച് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരമേറ്റു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോകനേതാക്കളടക്കം ഏഴായിരത്തോളം അതിഥികള്‍ സാക്ഷിയാകാനെത്തിയിരുന്നു. വെനിസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ്, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ചടങ്ങിനു ശേഷം 16 പേരടങ്ങിയ പുതിയ മന്ത്രിസഭയെയും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
15 വര്‍ഷത്തോളമായി തുര്‍ക്കി രാഷ്ട്രീയത്തില്‍ അടക്കിഭരിച്ച ഉര്‍ദുഗാന്‍ ഇതു രണ്ടാം തവണയാണു രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് തുര്‍ക്കി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ തുര്‍ക്കി റിപബ്ലിക്ക് സ്ഥാപിതമായ ശേഷമുള്ള ഭരണസംവിധാനം തന്നെ മാറ്റിമറിച്ചുകൊണ്ടാണു പുതിയ പ്രസിഡന്‍ഷ്യല്‍ ഭരണം രാജ്യത്ത് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രധാനമന്ത്രി പദവി എടുത്തുമാറ്റിയ പുതിയ ഭരണസംവിധാനത്തില്‍ ഇനിമുതല്‍ മന്ത്രിമാരെയും ജഡ്ജിമാരെയും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെയും തീരുമാനിക്കുന്നത് പ്രസിഡന്റാകും.
ഭരണ അട്ടിമറിശ്രമം നടന്ന രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക അഭിവൃദ്ധിയിലേക്കു രാജ്യത്തെ നയിക്കുക, സിറിയന്‍-ഇറാഖ് ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് തുര്‍ക്കിയെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ശക്തമായ പുതിയ എക്‌സിക്യൂട്ടിവ് പ്രസിഡന്‍ഷ്യല്‍ സംവിധാനം നിര്‍ണായകമാകുമെന്നു സത്യപ്രതിജ്ഞ ചെയ്ത ശേഷം ഉര്‍ദുഗാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."