പാര്‍ട്ടിയും പിണറായിയും കൈവിട്ടു; മണിയ്‌ക്കെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതോടെ മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന.
മണിയെ പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും ഡല്‍ഹിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ നിന്ന് കുരിശ് മാറ്റിയത് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു തുല്യമാണെന്നും സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയില്‍ അയക്കണമെന്നുള്ള വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മണി നടത്തിയിരുന്നു.
കൂടാതെ ഒരു സ്വകാര്യ ചാനലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അവഹേളിച്ചു. ആര്‍.എസ്.എസുകാരനായ ചെന്നിത്തലയെ ഊളമ്പാറയില്‍ അയക്കണമെന്നായിരുന്നു പ്രസ്താവന. ഇതേത്തുടര്‍ന്ന് മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. അതിനിടെ, മണിയുടെ പ്രസ്താവന ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. മണിയുമായി ചര്‍ച്ച ചെയ്തതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കുപിന്നാലെ കോടിയേരിയും മണിക്കെതിരേ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെങ്കില്‍ തെറ്റാണ്. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പ്രസംഗത്തിന്റെ പൂര്‍ണരൂപം അറിയില്ല.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ പ്രസ്താവന തെറ്റാണ്. മണിയോട് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമാണ്. മണിയുടെ വിശദീകരണം പാര്‍ട്ടി കേള്‍ക്കും. മന്ത്രിമാര്‍ ഔന്നത്യം പാലിച്ചുമാത്രമേ സംസാരിക്കാവൂ. വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം. ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് ഓര്‍മ വേണമെന്നും കോടിയേരി പറഞ്ഞു.
തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ സംസാരിക്കുന്നതും കൈയേറ്റത്തെ ന്യായീകരിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരം നിലപാട് ആരെടുത്താലും സി.പി.എമ്മിന് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി എ.കെ ബാലന്‍, ടി.എന്‍ സീമ എന്നിവരും മണിക്കെതിരേ രംഗത്തെത്തി. മണി നടത്തിയ പരാമര്‍ശത്തില്‍ ദുഃഖിക്കുന്നുവെന്നാണ് ശ്രീമതി പറഞ്ഞത്.
ആര്‍ക്കും എന്തും വിളിച്ചുപറയാമെന്നത് ശരിയല്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സഭയ്ക്കകത്തും പുറത്തും മണിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."