പരാതി നല്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരേ വനിതാ കമ്മിഷന്
കൊച്ചി: പരാതി നല്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെ നിയന്ത്രിക്കുമെന്നു വനിതാ കമ്മിഷന്. കമ്മിഷന് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ് താര, ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്ന വനിതാ കമ്മിഷന് മെഗാ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അദാലത്തില്‍ ആകെ 80 പരാതികള്‍ പരിഗണിച്ചു. 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ കൗണ്‍സിലിങ് നല്കാന് തീരുമാനിച്ചു. 29 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന ആറു പരാതികള്‍ ആര്.ഡി.ഒയ്ക്കു കൈമാറി. തൊഴിലിടങ്ങളിലുള്ള നാലു പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരസ്ത്രീ, പരപുരുഷ ബന്ധം ആരോപിച്ചുള്ള കേസുകള്‍ വര്‍ധിച്ചുവരുന്നതായും സോഷ്യല്‍ മീഡിയയുടെയും ടി.വി സീരിയലുകളുടെയും സ്വാധീനം ഇതിനു കാരണമാകുന്നുണ്ടെന്നും കമ്മിഷന് പറഞ്ഞു.
തങ്ങള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്നുപറയുന്നതു മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനാല്‍ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വര്‍ധിച്ചുവരികയാണെന്നും കമ്മിഷന് വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് പുരോഹിതന്മാര് കുറ്റാരോപിതരായ കേസിലും ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിലും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അദാലത്തില്‍ കമ്മിഷന് അംഗങ്ങള്‍ക്കു പുറമേ ഡയരക്ടര്‍ വി.എം കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സ്മിതാ ഗോപി, അഡ്വ. എം.ഇ അലിയാര്, അഡ്വ. ഖദീജാ റിഷബത്ത്, വനിതാ സെല്‍ എസ്.ഐ സോണ്‍ മേരി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."