കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സഹായധനം വര്‍ധിപ്പിക്കണം: വികസന സമിതി യോഗം
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കട്ടിപ്പാറയില്‍നിന്നു വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കാനും ആവശ്യപ്പെടും. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനുമുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
താലൂക്കിന് അനുവദിച്ച മുന്‍സിഫ് കോടതി ഉടന്‍ ആരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നും വികസനസമിതി യോഗം ആവശ്യപ്പെട്ടു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറകണ്ടത്തില്‍ അധ്യക്ഷനായി. കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍, താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി സെബാസ്റ്റ്യന്‍, ടി.കെ മുഹമ്മദ്, സി.ടി ഭരതന്‍, സലിം പുല്ലടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."