ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു
റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഇന്നലെ വീണ്ടും ഏറ്റുമുട്ടല്‍. ധംതാരി ജില്ലയിലെ സാലേഘാട്ടിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു.
സി.ആര്.പി.എഫിന്റെ 211-ാം ബറ്റാലിയനും പൊലിസിന്റെ പ്രത്യേക വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളെ തിരഞ്ഞ് വനത്തില്‍ പ്രവേശിച്ച ജവാന്മാര്ക്ക് നേരെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. സി.ആര്.പി.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ ഹരീഷ് ചന്ദ്രപാല്‍ ആണ് മരിച്ചത്. മറ്റൊരു ജവാനായ സുധീര്‍ കുമാറിനാണ് പരുക്കേറ്റത്. ഇയാള്‍ക്ക് കാലിനാണ് വെടിയേറ്റത്. അതേസമയം സുരക്ഷാ സൈന്യത്തിന്റെ തിരിച്ചടിയില്‍ മാവോയിസ്റ്റുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ മൃതദേഹം മാവോയിസ്റ്റുകള്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നത് കണ്ടിട്ടില്ലെന്നും സുരക്ഷാ സൈന്യം പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബി.എസ്.എഫ് ജവാന്മാര്ക്ക് ജീവഹാനി നേരിട്ടിരുന്നു. കാന്‍കര്‍ ജില്ലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."