മാധ്യമങ്ങളുടെ പക്ഷപാതിത്വം ആശാസ്യകരമല്ല: ടി.വി രാജേഷ്
കണ്ണൂര്‍: റേറ്റിങിനു വേണ്ടി പക്ഷപാതപരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ രീതി ആശാസ്യകരമല്ലെന്നു ടി.വി രാജേഷ് എം.എല്‍.എ. പ്രസ്‌ക്ലബില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണവും മാധ്യമ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കപ്പെടണം. നിലപാടുകള്‍ നേരോടെ നിര്‍ഭയമായി ചര്‍ച്ച ചെയ്യപ്പെടണം. എന്നാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സമൂഹത്തില്‍ അപകടംചെയ്യുന്ന സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്താ അവതരണരീതി അഭിലഷണീയമല്ല. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും രാജേഷ് പറഞ്ഞു. ഭരണകൂടങ്ങള്‍ക്കെതിരേ മാധ്യമങ്ങള്‍ നടത്തുന്ന സ്വതന്ത്രമായ വിമര്‍ശനങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങളാണു ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. വീഴ്ചകള്‍ തിരുത്താനും ഉപകരിക്കും. മാധ്യമങ്ങളെ അസഹിഷ്ണുതയോടെ കടന്നാക്രമിക്കുന്ന രീതിയോടു യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സി. സുനില്‍കുമാര്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, യു.പി സന്തോഷ്, പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."