വ്യാപാരികളെ അക്രമിച്ച് പണം കവര്‍ന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചു
കോഴിക്കോട്: വ്യാപാരിയെയും മകനെയും ആക്രമിച്ചു മുഖംമൂടിസംഘം അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതികളെ കുറിച്ച് പൊലിസിനു സൂചന ലഭിച്ചു. കോവൂര്‍ ഗ്രാന്‍ഡ്ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മായനാട് കുണ്ടാത്തൂര്‍ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണു കഴിഞ്ഞ ദിവസം കവര്‍ച്ചക്കിരയായത്.
നേരത്തെ പ്രതിയുടെ രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും ഉടന്‍ പുറത്തുവിടേണ്ടെന്നാണ് പൊലിസിന്റെ തീരുമാനം. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന കണക്കുകൂട്ടലിലാണു തങ്ങളെന്ന് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. രേഖാചിത്രമില്ലാതെ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. കേസന്വേഷണം ശരിയായ ദിശയില്‍ തന്നെയാണു പോവുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കടപൂട്ടി പോകുമ്പോള്‍ രാത്രി 11.30ഓടെയാണു സംഭവം. ഇരുവരും കാറിലേക്കു കയറുന്നതിനിടെ പതിഞ്ഞിരുന്ന സംഘം കത്തിയുമായി ചാടിവീണ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനും നേരെ സംഘം കത്തിവീശി. ഷൗക്കത്തലിയുടെ കൈക്കു മുറിവേറ്റു. അക്രമത്തില്‍ പകച്ചുപോയ ഇരുവരും ബഹളംവച്ചെങ്കിലും കനത്ത മഴയായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇതിനിടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഘത്തില്‍ ഒരാള്‍ മാത്രമാണു മുഖംമൂടി അണിഞ്ഞിരുന്നതെന്നും രണ്ടാമനെ കണ്ടാലറിയാമെന്നും ഇരുവരും പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."