പായത്ത് ബീവറേജസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
ഇരിട്ടി: പായം എരുമത്തടത്തില്‍ ബീവറേജസിന്റെ ചില്ലറ മദ്യ വില്‍പനശാല സ്ഥാപിക്കുന്നതിനാവിശ്യമായ അനുമതി നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ സര്‍വകക്ഷി തീരുമാനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11 മണിക്ക് ജനകീയ കൂട്ടായമയുടെ ആഭിമുഖ്യത്തില്‍ പായം പഞ്ചായത്ത് ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
എരുമത്തടത്തില്‍ തറയില്‍ റോയിയുടെ വീട്ടില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയുടേതാണു തീരുമാനം. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷനായി.
ഷൈജന്‍,ഷമി തറയില്‍ തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. വിപുലമായ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാവും പ്രതിഷേധ സമരം ആരംഭിക്കുക. കണ്ണൂര്‍ കാല്‍ടെക്സ്സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജസിന്റെ മദ്യശാല കോടതി ഉത്തരവിനെ തുടര്‍ന്ന് ദേശീയ പാതയോരത്തുനിന്നും മാറ്റിയാണു പായത്തു സ്ഥാപിക്കുക.
ഇതിനുള്ള അനുമതിക്കായി പായം പഞ്ചായത്തിനോട് അധികൃതര്‍ അപേക്ഷിച്ചിരുന്നു. അനുമതി നല്‍കാന്‍ പഞ്ചായത്ത് തീരുമാനം എടുത്തു എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു എത്തിയിരിക്കുന്നത്. ഇവിടെ മദ്യവില്‍പ്പനശാല തുടങ്ങാന്‍ പോവുകയാണെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുന്നേ തന്നെ എരുമത്തടത്തെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരുന്നു.
വിവിധ രാഷട്രീയ പാര്‍ട്ടികളും പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു വന്നു. മാസങ്ങള്‍ക്കു മുന്‍പ് ലഹരിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പായത്ത് മദ്യവില്‍പ്പനശാല വരുന്നതിനെ എല്ലാ കക്ഷികളും എതിര്‍ത്തെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി മദ്യവില്‍പ്പനശാലക്കു മുന്നോട്ടു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."