വിവരമറിയുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്
വമ്പിച്ച ജനപിന്തുണയോടെ അധികാരത്തില്‍വന്ന, ബാലറ്റ്‌പേപ്പറിലൂടെ അധികാരമേറിയ ലോകത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്നീ വിശേഷണങ്ങള്‍ക്കൊക്കെ അര്‍ഹമായ ഇ.എം.എസ് മന്ത്രിസഭ രണ്ടര വര്‍ഷംകൊണ്ടു ജനവിരുദ്ധമായിത്തീരുന്നതുകണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുഖ്യമന്ത്രി ഇ.എം.എസിനോട് അത്ഭുതത്തോടെ ചോദിച്ചുവത്രെ, 'വമ്പിച്ച ജനപ്രീതിയോടെ അധികാരത്തില്‍ വന്ന താങ്കളുടെ ഭരണത്തിന് എങ്ങനെയാണ് ഇത്രപെട്ടെന്നു ജനവിരുദ്ധമാകാന്‍ കഴിഞ്ഞത്.'
വമ്പിച്ച ജനപിന്തുണയോടെയാണ് ഇപ്രാവശ്യത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയത് എന്നതു വസ്തുതയാണ്. ആ ജനപ്രീതി ഏറെക്കാലം നിലനിര്‍ത്താന്‍ കഴിയണമെന്നില്ല. എങ്കിലും ഇത്രപെട്ടെന്ന് അതു തല്ലിക്കൊഴിക്കേണ്ട ആവശ്യമുണ്ടോയെന്നു ഭരണനേതൃത്വം ചിന്തിക്കുന്നത് ഉചിതമായിരിക്കും. മന്ത്രിസഭാതീരുമാനങ്ങളും മിനിട്ട്‌സും വിവരാവകാശനിയമപ്രകാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനം പ്രഥമ ഇ.എം.എസ് മന്ത്രിസഭയെയാണ് ഓര്‍മിപ്പിക്കുന്നത്.
സുതാര്യവും അഴിമതിമുക്തവുമായ ഭരണം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപിന്തുണ നഷ്ടപ്പെടുത്തുവാന്‍ ഇത്തരം തീരുമാനങ്ങള്‍ കാരണമാകും. മറച്ചുവയ്ക്കപ്പെടുന്ന തീരുമാനങ്ങളിലാണ് അഴിമതി പതുങ്ങിക്കിടക്കുകയെന്നതു സത്യമാണ്. മറച്ചുവയ്ക്കാനൊന്നുമില്ലെങ്കില്‍ വെളിപ്പെടുത്തുന്നതിലെന്തിനു വൈമനസ്യം. മടിയില്‍ കനമില്ലാത്തവനു വഴിയില്‍ പേടിക്കേണ്ടതില്ലെന്നു പറയുമ്പോലെ അഴിമതി വിമുക്തമായ സര്‍ക്കാരിനു വിവരാവകാശനിയമത്തെ പേടിക്കേണ്ടയാവശ്യമില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന മൂന്നുമാസത്തെ മന്ത്രിസഭാതീരുമാനങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ടു വിവരവാകാശപ്രവര്‍ത്തകന്‍ ഡി.ബി ബിനു അപേക്ഷ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ല. ഇതിനെതുടര്‍ന്നു ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചു. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭായോഗങ്ങളുടെ തീരുമാനം പത്തുദിവസത്തിനകം നല്‍കണമെന്നും തുടര്‍ന്നുള്ള ക്യാബിനറ്റ് തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോള്‍ ഉത്തരവിട്ടു.
എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. കമ്മിഷണര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്നു. മന്ത്രിസഭാ യോഗം പരിഗണിക്കുന്ന വിഷയങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ മാത്രം വിവരാവകാശനിയമ പ്രകാരം വിവരംനല്‍കിയാല്‍ മതിയെന്നാണു സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിനു കിട്ടിയ നിയമോപദേശവും ഇതായിരിക്കണം. പലപ്പോഴും മന്ത്രിസഭാ തീരുമാനങ്ങള്‍ മാറ്റേണ്ടിവരുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തെയെടുത്ത തീരുമാനങ്ങള്‍ അസാധുവാകുമ്പോള്‍ വിവരാവകാശനിയമപ്രകാരം എങ്ങനെ വിവരം നല്‍കാനാകുമെന്നാണു സര്‍ക്കാരിന്റെ ചോദ്യം.
മന്ത്രിസഭയെന്നു പറയുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച പ്രതിനിധികളുടെ സഭയാണ്. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയാണു തീരുമാനങ്ങളെടുക്കുന്നതും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതും. അത്തരം തീരുമാനങ്ങളറിയുവാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വിവരാവകാശത്തിന്റെ എട്ടാംവകുപ്പില്‍ രാജ്യസുരക്ഷയുള്‍പ്പെടെ എട്ട് അവകാശങ്ങളാണ് ഒഴിവാക്കിയത്. അതില്‍ മന്ത്രിസഭാരേഖകള്‍ പെടുന്നില്ലെന്നു മുന്‍ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ ഉത്തരവു നേരത്തെ കേന്ദ്രവിവരാവകാശ കമ്മിഷനും നല്‍കിയിട്ടുണ്ട്. പുത്തന്‍ വേലിക്കര, മെത്രാന്‍ കായല്‍, കടമക്കുടി എന്നീ വിവാദ ഉത്തരവുകളെ സംബന്ധിച്ചും അറിയാനായി ബിനു സര്‍ക്കാരിനു അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി അതുവരെ പിന്തുടര്‍ന്ന നിലപാടിനു കടകവിരുദ്ധമാണിത്. വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്കു സര്‍ക്കാരില്‍നിന്നു വിവരമറിയുവാനുള്ള അവകാശമുണ്ടെന്ന ഉറച്ചതീരുമാനത്തില്‍ത്തന്നെയാണു ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാരെടുത്ത തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനമായിരുന്നു എല്‍.ഡി.എഫ് നടത്തിയിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തിനിനിറം ജനമറിഞ്ഞാല്‍ കള്ളിപുറത്താകൂമെന്ന ഭയത്താലാണു വിവരാവകാശ നിയമം അട്ടിമറിക്കുന്നതെന്നുവരെ അന്ന് ആരോപിക്കപ്പെട്ടു. അന്നു കടുത്തനിലപാടില്‍ ഊന്നിപ്രവര്‍ത്തിച്ച മുന്നണി അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ജനങ്ങളില്‍നിന്നു മറച്ചുപിടിക്കാന്‍ ഉത്സുകരാകുന്നുവെന്നതു വിരോധാഭാസം തന്നെ.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങള്‍ ആവശ്യപ്പെട്ടു ബിനുവും പിണറായി മന്ത്രിസഭയുടെ പ്രഥമമന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് എസ് ധനരാജും നല്‍കിയ അപേക്ഷകളൊക്കെയും സര്‍ക്കാര്‍ നിരസിച്ചതിനാലും പല പ്രാവശ്യം ഇതു നല്‍കണമെന്ന വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോള്‍ നല്‍കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത അവസ്ഥയിലും ഇരുകൂട്ടരും കോടതി കയറുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. കമ്മിഷന്റെ ഉത്തരവിനെതിരേ സര്‍ക്കാരും ഉത്തരവു നടപ്പാക്കാത്തതിനെതിരേ കമ്മിഷനും ഹൈക്കോടതിയിലെത്തുമ്പോള്‍ പൊതുജനമനസ്സ് ആരുടെ പക്ഷത്തായിരിക്കുമെന്നതിനു തര്‍ക്കമില്ല.
ജനങ്ങളെ ആകര്‍ഷിച്ച കുടിയേറിയ ഇടതുപക്ഷസര്‍ക്കാരിന്റെ ജനസമ്മതി ഇല്ലാതാക്കാന്‍ മാത്രമേ കോടതികയറ്റം വഴിവയ്ക്കൂ. ഏതെങ്കിലുമൊരു സ്വകാര്യവ്യക്തിക്കനുകൂലമായ തീരുമാനമാണു മന്ത്രിസഭാ യോഗത്തിലുണ്ടാകുന്നതെങ്കില്‍ അതു പരിസ്ഥിതിക്കും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനും ഹാനികരമായിത്തീരുമെങ്കില്‍ അത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായിട്ടുമാത്രം ജനം അറിഞ്ഞാല്‍ മതിയോ. അത്തരം പ്രവൃത്തികളില്‍ അഴിമതിയുണ്ടാകില്ലെന്നു സര്‍ക്കാരിന് എന്ത് ഉറപ്പായിരിക്കും നല്‍കാനുണ്ടാവുക. വിവരാവകാശനിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിലൂടെ സര്‍ക്കാരിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നു മുന്‍കൂറായി പ്രഖ്യാപിക്കുകയല്ലേ സര്‍ക്കാര്‍. എത്രയും പെട്ടെന്ന് ഈ നിലപാട് തിരുത്തുന്നതാണു ഭംഗി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."