പാസ് അനുവദിച്ച വാഹനങ്ങള്‍ ഉപയോഗിക്കണം
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍, രാഷ്ടീയ പാര്‍ട്ടികള്‍ എന്നിവര്‍ കൊടി തോരണങ്ങള്‍, ബാനര്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍, ബാനറു കള്‍ മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ മറ്റുള്ള വ്യക്തികള്‍ക്ക് യാതൊരു വിധത്തിലുളള അസൗകര്യമുണ്ടാക്കരുത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ പാസ് അനുവദിച്ച വാഹനങ്ങള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടുളളു. സ്‌പോട്ട് ലൈറ്റുകള്‍, ഫോക്കസ്‌സെര്‍ച്ച് ലൈറ്റുകള്‍, സൈറണുകള്‍ പ്രചാരണ വാഹനങ്ങളില്‍ സ്ഥാപിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള ലൗഡ് സ്പീക്കര്‍ ഉപയോഗം രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ മാത്രമേ അനുവദിക്കുകയുള്ളു.
അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ നിശ്ചിത വലിപ്പത്തില്‍ കൂടുതലുളള കൊടികളോ സ്റ്റിക്കറുകളോ വാഹനങ്ങളില്‍ സ്ഥാപിക്കുകയോ പതിക്കുകയോ ചെയ്യരുത്. കൊടികളും സ്റ്റിക്കറുകളും താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഉപയോഗിക്കാന്‍ പാടുളളു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള മുച്ചക്ര-നാല്‍ചക്ര റിക്ഷ, ഇരുചക്ര വാഹനങ്ങളില്‍ പരമാവധി 1 ഃ 12 അടി വലിപ്പത്തിലുളള ഒരുകൊടി മാത്രമേ ഉപോയഗിക്കാവൂ. ഇത്തരം വാഹനങ്ങളില്‍ നിശ്ചിത വലിപ്പത്തിലുളള ഒന്നോ, രണ്ടോ സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന വിധത്തില്‍ പതിക്കാവുന്നതാണ്. ബാനറുകള്‍ യാതൊരു കാരണവശാലും വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടുളളതല്ല.
മറ്റുപാര്‍ട്ടികളുമായി സഖ്യകക്ഷികളായോ സീറ്റ് ധാരണ ഉണ്ടാക്കിയോ മത്സരിക്കുന്ന പാര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ പ്രചാരണ വാഹനങ്ങളില്‍ സഖ്യകക്ഷികളുടെതായ ഒന്നു വീതം കൊടികള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളു.
കൊടി കെട്ടുവാന്‍ ഉപയോഗിക്കുന്ന വടിക്ക് മൂന്ന് അടിയില്‍ കൂടുതല്‍ നീളം ഉണ്ടായിരിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് റോഡ് ഷോകളില്‍ കൈകളില്‍ കരുതുന്ന ബാനറുകള്‍ക്ക് 6 ഃ 4 അടി വലിപ്പത്തില്‍ കൂടാന്‍ പാടുളളതല്ല.
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം 10 എണ്ണത്തില്‍ കൂടരുത്. പത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ 10 വാഹനങ്ങള്‍ ഇടവിട്ട് മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ 100 മീറ്ററിന്റെ ഇടവേളകള്‍ വരത്തക്ക വിധത്തില്‍ സ്വയം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."