തലമാറ്റി ചികിത്സ ഫലിച്ചു; അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും
ഗുവാഹത്തി: കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയിരുന്ന കുതന്ത്രങ്ങള്‍ക്കിടയില്‍ പിടഞ്ഞിരുന്ന കോണ്‍ഗ്രസിനു തെല്ലൊരു ആശ്വാസം നല്കി അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ സമവായം. മുഖ്യമന്ത്രിയായിരുന്ന നബാം തുകിയെ രാജിവയ്പ്പിച്ച് പുതിയ നിയമസഭാ കക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി ദോര്‍ജീ ഖണ്ഡുവിന്റെ മകന് പേമ ഖണ്ഡുവിനെ തെരഞ്ഞെടുത്തതോടെയാണ് വിമതര്‍ അയഞ്ഞത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ നബാം തുകി ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടിയിരുന്നു. അതിനു മുന്നോടിയായി ഇന്നു രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് നേതൃത്വം മാറുന്നതിനെപ്പറ്റി ചര്‍ച്ചയുണ്ടായത്. ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ ഖലികോ പൂല് അടക്കം 44 എം.എല്‍.എമാരും നേതൃമാറ്റം വന്നാല്‍ പിന്തുണയ്ക്കുമെന്ന നിലപാട് എടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് തുകിയെ രാജിവയ്പ്പിക്കുകയും പേമ ഖണ്ഡുവിനെ നിയുക്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയുമായിരുന്നു.
21 എം.എല്‍.എമാര്‍ വിമതരായി പോയതിനെത്തുടര്‍ന്നാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. ഈ എം.എല്‍.എമാരെയും പ്രതിപക്ഷ എം.എല്‍.എമാരെയും ചേര്‍ത്ത് ഗവര്‍ണറുടെ നേതൃത്വത്തില്‍ പുതിയൊരു സര്‍ക്കാരും രൂപീകരിച്ചിരുന്നു. ഇതിനെതിരെ കോടതി കയറിയ കോണ്‍ഗ്രസിന് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി വരികയായിരുന്നു. ഗവര്‍ണറുടെ നടപടിയെ തെറ്റായി ഗണിച്ചും കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചുമാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."