സുധീരനെതിരായ ഗ്രൂപ്പ് നീക്കം ശക്തമാവുന്നു; പരസ്യ വിമര്‍ശനവുമായി മുരളീധരനും വി.ഡി സതീശനും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെയുള്ള നീക്കം ശക്തമാവുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ നിഷ്പ്രഭമാക്കി കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനും വി.ഡി സതീശനും രംഗത്തെത്തി.
വേഗത്തില്‍ എഴുന്നേല്‍ക്കാവുന്ന വീഴ്ചയല്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കുറ്റിച്ചൂലുകള്‍ക്ക് സീറ്റ് കൊടുത്താന്‍ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസിലായി. സര്‍ക്കാരിനെതിരേ സമരം നടത്താന്‍ അവസരമുണ്ടെങ്കിലും സ്വന്തം കാര്യത്തില്‍ തന്നെ നേതൃത്വത്തിന് സംശയമാണ്. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുറത്തു സമരം നടത്താന്‍ കോണ്‍ഗ്രസിന് ആളില്ലാത്ത അവസ്ഥയാണ്. താന്‍ ആര്‍ക്കെങ്കിലും എതിരേ പരാതി നല്‍കിയാല്‍ അവര്‍ക്ക് പ്രമോഷന്‍ ലഭിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.
കെ.പി.സി.സി നേതൃത്വത്തിന് ഔചിത്വമില്ലെന്നാണ് വി.ഡി സതീശന്റെ ആക്ഷേപം. നേതൃത്വത്തില്‍ ഇരിക്കുന്ന ആള്‍ ഒരു ആത്മ പരിശോധന നടത്തണമെന്ന് സുധീരന്റെ പേരെടുക്കാതെ പറഞ്ഞു. കേരളത്തിന്റെ മനസ്സ് മതേതരത്വ മനസ്സാണെന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ആവണമെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."