അധ്യാപകനും കൂട്ടുകാരികളും മറക്കില്ല; ആ അവസാന സെല്‍ഫി...
തിരൂരങ്ങാടി: സഹപാഠികളും അധ്യാപകനുമൊത്തു സെല്‍ഫിയെടുത്ത് ഐശ്വര്യ യാത്രപറഞ്ഞത് മരണത്തിലേക്കായിരുന്നു. ഇന്നലെ ഇതു തിരിച്ചറിഞ്ഞപ്പോള്‍ കണ്ണീരടയ്ക്കാനാകാതെ സഹപാഠികളും അധ്യാപകരും വിതുമ്പുകയാണ്. ഇന്നലെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ ഇരുമ്പുചോല എ.യു.പി സ്കൂള്‍ വിദ്യാര്‍ഥിനികളെ കുറിച്ചുള്ള ഓര്‍മകളാണ് കണ്ണുനനയിക്കുന്നത്.
ഏഴാംതരം വിദ്യാര്‍ഥിനിയായിരുന്നു ഐശ്വര്യ. സ്കൂളില്‍നിന്നു പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയാണ് യാത്ര പറച്ചില് ചടങ്ങ് സംഘടിപ്പിച്ചത്.
ഗ്രൂപ്പ് ഫോട്ടോയ്ക്കു പുറമേ ക്ലാസ് ടീച്ചര്‍ കെ.കെ ജോര്‍ജും ചില കൂട്ടുകാരികളുമൊത്തു സെല്‍ഫിയുമെടുത്താണ് പിരിഞ്ഞത്. പേരൂര്‍കട മല്ലശ്ശേരി സ്വദേശിയായ രാജേഷും വയനാട് സ്വദേശിനിയായ ഭാവനയും ഏഴു വര്‍ഷമായി വി.കെ പടി നടുവിലങ്ങാടി ക്വാര്‍ട്ടേഴ്സിലാണ് താമസം. എന്നാല്‍, ഇവര്‍ അയല്വീട്ടുകാരുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
പക്ഷേ, ഐശ്വര്യ തൊട്ടടുത്ത വീടുകളിലെ കുട്ടികളോടൊപ്പമാണ് സ്കൂളില്‍ പോയിരുന്നത്. ശനിയാഴ്ച സ്കൂള്‍ തുറന്നെങ്കിലും ഐശ്വര്യയെ കാണാത്തത് അധ്യാപകര്‍ അന്വേഷിച്ചിരുന്നു.ഐശ്വര്യ അമ്മയുടെ വീട്ടില്‍ പോയതെന്നായിരുന്നു കൂട്ടുകാരികള്‍ പറഞ്ഞത്. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് പുതിയയങ്ങാടിക്കു സമീപം കോയാ റോഡ് റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ രാജേഷിന്റെ ഭാര്യയുടേതും മക്കളുടേതുമാണെന്നു തിരിച്ചറിഞ്ഞത്.
വിസ്മയ ആറാംക്ലാസിലും വന്ദന മൂന്നാം ക്ലാസിലുമായി ഈ സ്കൂളില്‍ത്തന്നെയാണ് പഠിക്കുന്നത്. വേങ്ങര ഉപജില്ല, മലപ്പുറം റവന്യൂ ജില്ലാതല ശാസ്ത്ര മേളയില്‍ വെജിറ്റബിള്‍ പ്രിന്റിങ് മത്സരത്തിലും ഐശ്വര്യ പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."