റേഷന്‍ കാര്‍ഡ്: ഒന്നാംഘട്ട അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയായി
മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി. കഴിഞ്ഞ 25ന് തുടങ്ങിയ അപേക്ഷ സ്വീകരിക്കലിലൂടെ 9007 ആളുകളാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് പാണ്ടിക്കാട് പഞ്ചായത്തില്‍ നിന്നാണ്. 1491 അപേക്ഷകളാണ് ഇവിടെനിന്ന് ലഭിച്ചത്.
മഞ്ചേരിയിലെ സപ്ലൈ ഓഫിസില്‍ അപേക്ഷയുമായി എത്തുന്നതിന് പകരം പാണ്ടിക്കാട് പ്രത്യേകം ക്യാംപ് ചെയ്തായിരുന്നു പാണ്ടിക്കാട് പഞ്ചായത്തിലെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. പുതിയ കാര്‍ഡ്, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, താലൂക്ക് മാറ്റം, തെറ്റ് തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് തുടങ്ങിയ അപേക്ഷകളാണ് സപ്ലൈ ഓഫിസില്‍ സ്വീകരിച്ചത്.
ആനക്കയം പഞ്ചായത്തില്‍നിന്ന് മാത്രമായി 1113 അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കുറച്ച് അപേക്ഷകള്‍ ലഭിച്ചത് കീഴുപറമ്പ് പഞ്ചായത്തില്‍ നിന്നാണ്. 120 പേര്‍ മാത്രമാണ് കീഴുപറമ്പിലെ അപേക്ഷകര്‍. ഇന്നലെ തൃക്കലങ്ങോട് പഞ്ചായത്തിലെ അപേക്ഷകളാണ് സ്വീകരിച്ചത്. ഇവിടെ നിന്നും 970 ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചു.
പുല്‍പ്പറ്റ-871, മലപ്പുറം നഗരസഭ-848, എടവണ്ണ-773, അരീക്കോട് -390, പൂക്കോട്ടൂര്‍-464, ഊര്‍ങ്ങാട്ടിരി-430, കാവനൂര്‍-425, മഞ്ചേരി -1112 എന്നിങ്ങനെയാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച അപേക്ഷകളുടെ കണക്ക്. രണ്ടാംഘട്ട അപേക്ഷ സ്വീകരിക്കല്‍ 16ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നീളാനാണ് സാധ്യത. നിലവില്‍ ലഭിച്ച അപേക്ഷകള്‍ തരംതിരിക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ 16ന് ശേഷമാകും രണ്ടാംഘട്ട അപേക്ഷ സ്വീകരിക്കലിന് പഞ്ചായത്തുകള്‍ തിരിച്ചുള്ള തിയതി അറിയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."