മണിയുടെ വിവാദ പരാമര്‍ശം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരാമര്‍ശം അവഹേളനാപരവും ശിക്ഷാര്‍ഹവുമെന്നു കണ്ടാണ് കേസെടുത്തത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി എസ്.പിക്ക് നിര്‍ദേശവും നല്‍കി.
മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടായത് ശരിയായില്ലെന്നും നിയമപരമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ജെ പ്രമീളാദേവി പറഞ്ഞു.
ശനിയാഴ്ച അടിമാലി ഇരുപതേക്കറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്. മൂന്നാറിലെ സമരനാളുകളില്‍ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകള്‍ക്ക് കാട്ടില്‍ വേറെയായിരുന്നു പണിയെന്ന തരത്തിലുള്ള പ്രയോഗം വലിയ പ്രതിഷേധത്തിനിടയാക്കി.
മണിയുടെ വിവാദ പരാമര്‍ശം
'സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം, പണ്ട് നമ്മുടെ സുരേഷ്‌കുമാറിനും ഇതുതന്നെയായിരുന്നു പണി, കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാണ്ടി, ഏത് നമ്മുടെ പഴയ പൂച്ച, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സകലപരിപാടിയും ഉണ്ടായിരുന്നു. പിന്നെയൊരു പെമ്പിളൈ ഒരുമൈ വന്നു, അന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ട് അവിടെ, മനസിലായില്ലേ?. ..അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്, ഒരു ഡിവൈ.എസ്.പിയും ഉണ്ടായിരുന്നു, ഏതാ...അതുതന്നെ എല്ലാവരും കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം, മനസിലായില്ലേ?. ഞാനതു പറഞ്ഞു, ഇവിടെ ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ. പുള്ളിക്കങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."