പ്രധാനമന്ത്രി മോഹവുമായി മമത
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം തനിക്കു തന്നെയെന്ന സൂചന നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഇന്നലെ കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അഭിപ്രായപ്രകടനം. രാജ്യത്ത് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കുമ്പോള്‍ അതിനെ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുമെന്നും മമത പറഞ്ഞു.
മോദിക്കെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച മമത, തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയമായിരിക്കും നേരിടേണ്ടി വരികയെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മോദി വലിയൊരു നുണയനാണ്. സത്യം പറയാന്‍ അറിയാത്ത അദ്ദേഹം നിയമാനുസൃതമായി താമസിക്കുന്നവരെ പോലും വിദേശ പൗരന്‍മാരാക്കി മുദ്രകുത്തുകയാണ്. ദേശീയ പൗരത്വ ബില്ലിന്റെയും പൗരത്വ ഭേഗതി ബില്ലിന്റെയും പേരിലാണ് മോദിയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ വിദേശികളായ അഭയാര്‍ഥികളാക്കുന്നതെന്നും അവര്‍ ആരോപിച്ചു.
സ്വന്തം ഭാര്യയെ പരിരക്ഷിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ രാജ്യത്തെ പൗരന്‍മാരെ നോക്കാന്‍ കഴിയും. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷവും കള്ളം പറഞ്ഞാണ് മോദി ഭരിച്ചത്. 2014ല്‍ അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും അദ്ദേഹത്തിന് നടപ്പാക്കാനായിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."