കാണാതായ മകളെ കുറിച്ച് വിവരമില്ല: അന്വേഷണം മികച്ച സംഘത്തിനു കൈമാറണമെന്ന് കുടുംബം
മലപ്പുറം: എടരിക്കോട് ചുടലപ്പാറ കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര (18) യെ കാണാതായ കേസില്‍ പൊലിസ് അന്വേഷണം പരാജയമാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ മികച്ച സംഘത്തിന് അന്വേഷണ ചുമതല കൈമാറണമെന്നും കുടുംബാംഗങ്ങള്‍. കഴിഞ്ഞ മാസം 27ന് രാവിലെ 11.30നാണ് കംപ്യൂട്ടര്‍ സെന്ററിലേക്കെന്നു പറഞ്ഞ് ആതിര വീട്ടില്‍നിന്നും ഇറങ്ങിയത്. 13 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സ്‌കൂള്‍ ബാഗും സര്‍ട്ടിഫിക്കറ്റുമെടുത്തായിരുന്നു പോയത്. അന്ന് ഉച്ചക്ക് രണ്ടോടെ കുട്ടി കുന്നംകുളം ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നതായി സി.സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എഴ് മുതല്‍ രാത്രി 12.45 വരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും കുട്ടിയെ കണ്ടതായി ദൃസാക്ഷികള്‍ പറയുന്നു. ഈ സമയത്തിനിടയില്‍ കുട്ടി മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണിലേക്ക് റെയില്‍വെ സ്റ്റേഷനു സമീപത്തെ ടെലഫോണ്‍ ബൂത്തില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഈ സമയം ഈ നമ്പറിലുള്ള സിം കാര്‍ഡ് പൊലിസിന്റെ കൈവശമുണ്ടായിരുന്നു.
കുട്ടി ഈ പ്രദേശത്തുള്ള വിവരം പൊലിസ് അറിഞ്ഞിട്ടും തൃശൂര്‍ സ്റ്റേഷനിലേക്ക് വിവരം കൈമാറാനോ കുട്ടിയെ തിരിച്ചെത്തിക്കാനോ നടപടിയുണ്ടായില്ല. പൊലിസ് അടിയന്തര നടപടിയെടുത്തിരുന്നെങ്കില്‍ മകളെ നഷ്ടപ്പെടില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് പൊലിസ് പറയുന്നത്.
പുറത്തിറങ്ങി പോലും കുട്ടിക്കു പരിചയമില്ലെന്നും ആരോ കെണിയില്‍ പെടുത്തിയതായിരിക്കുമെന്നും ഇതു സംബന്ധിച്ച പരാതി ജില്ലാ പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പട്ടികജാതി വികസന മന്ത്രിക്കും പരാതി കൈമാറിയതായും കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."