കേരള ബ്ലോഗ് എക്സ്പ്രസ് കോവളത്ത് സമാപിച്ചു; അവിസ്മരണീയമെന്ന് ബ്ലോഗര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്സ്പ്രസ് കോവളത്ത് സമാപിച്ചു. പ്രകൃതി ഭംഗിയും സാംസ്കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത 26 ബ്ലോഗര്‍മാരും അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. മാര്‍ച്ച് 21ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി 21 രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു യാത്ര.
ജീവിതത്തില്‍ എന്നും ഓര്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന് ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പറയും. സുഗന്ധ വ്യഞ്ജന സമ്പുഷ്ടമായ ഭക്ഷണത്തിന്റെ വ്യത്യസ്ത രുചിയാല്‍ ആകൃഷ്ടയായ അവര്‍ ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് മികച്ച ഇടം ആലപ്പുഴയാണെന്ന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പ്രശാന്ത സൗന്ദര്യവും സൗഹൃദമുള്ള ജനങ്ങളുമാണ് തന്നെ സ്വാധീനിച്ചതെന്ന് അമേരിക്കയിലെ ബ്ലോഗറും വീഡിയോ പ്രൊഡ്യൂസറുമായ അലക്സ് ഷാക്കോണ് വ്യക്തമാക്കി. കേരളം തനിക്കു സമ്മാനിച്ച അനുഭവങ്ങളും വീഡിയോയും ഫോട്ടോഗ്രാഫുകളും തന്റെ ബ്ലോഗില്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ തുടങ്ങിയവരും പങ്കെടുത്തു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗര്‍മാരില്‍ 16 പേരും വനിതകളായിരുന്നു. കേരളത്തിന്റെ വശ്യത ഒപ്പിയെടുക്കുന്ന ആഗോള പ്രചരണമായ 'ഹ്യൂമന്‍ ബെ നേച്ചറി'ന്റെ ഭാഗമായായിരുന്നു ഈ സംരംഭം. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നു ലഭിച്ച 7,000 എന്‍ട്രികളില്‍ നിന്നാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.അറുപതോളം രാജ്യങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ രണ്ടു ലക്ഷം കിലോമീറ്റര്‍ താണ്ടിയ പ്രശസ്തനായ അമേരിക്കന്‍ ബ്ലോഗര്‍ അലക്സ് ഷാക്കോണും ഫെയ്സ് ബുക്കില്‍ ഒരു ലക്ഷത്തിലേറെ പേര് പിന്തുടരുന്ന ലണ്ടനില്‍ നിന്നുള്ള അലക്സ് ഓത്വയിറ്റും ഇതില്‍ ഉള്‍പ്പെടുന്നു. അലക്സിന് യൂട്യൂബില്‍ രണ്ടുലക്ഷം ഫോളോവര്‍മാരുണ്ട്. സഞ്ചാരികള്‍ക്കുവേണ്ടി സ്പാനിഷില്‍ ആദ്യ വെബ്സൈറ്റ് ആരംഭിച്ച വ്യക്തിയാണ് പെറുവില്‍നിന്നുള്ള നെല്‍സണ്‍ മോഷിലേറോ. ഇദ്ദേഹത്തിന് ഫെയ്സ്ബുക്കില്‍ ആറുലക്ഷത്തിലേറെ ഫോളോവര്‍മാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."