കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സംഘര്‍ഷം; നൂറോളം പേര്‍ക്കെതിരേ കേസ്
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സംഘര്‍ഷം ആസൂത്രിതമാണോയെന്ന സംശയവും പൊലിസിനുണ്ട്. കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവത്തില്‍ രണ്ടു പൊലിസുകാര്‍ക്കും നഴ്‌സിനും രോഗിയും ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്കു പരുക്കേറ്റിരുന്നു. കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആശുപത്രിയിലെ സി.സി ടി.വി കാമറകള്‍ മറച്ചുവച്ച നിലയില്‍ കണ്ടതിനെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
അക്രമം നടത്തിയവരാണ് കാമറകള്‍ മറച്ചതെന്നാണു പൊലിസ് കരുതുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരുനാഗപ്പള്ളിയില്‍ പൊലിസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."