കുടുംബശ്രീ മാതൃകാ ദമ്പതിമാരെ ആദരിച്ചു
കോതമംഗലം: കുടുംബശ്രീയുടെ സ്ത്രീ പദവി സ്വയം പഠന വിഭാഗം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തില്‍ ആദരം 2018 എന്ന പേരില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മാതൃകാ ദമ്പതികളെ ആദരിച്ചു. കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 262 ദമ്പതികള്‍ ആദരം ഏറ്റുവാങ്ങി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കവളങ്ങാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രശ്മി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ രാഗേഷ് കെ ആര്‍ ആമുഖാവതരണം നടത്തി. സിനിമ, സീരിയല്‍ താരം ഉണ്ണി എസ് നായര്‍ മുഖ്യാതിഥി ആയിരുന്നു.
ഇതോടൊപ്പം സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികള്‍ക്ക് പിന്തുണ നല്‍കുന്നതിന് കവളങ്ങാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'തുണ' പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കവളങ്ങാട് വൈസ് പ്രസിഡന്റ് ഉലഹന്നാന്‍ ജോസ് നിര്‍വഹിച്ചു. കവളങ്ങാട് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'നളപാചകം' കുക്കറി ഷോയുടെ സമ്മാനവിതരണം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി നിര്‍വഹിച്ചു. വയോജനാവകാശ നിയമത്തെക്കുറിച്ച് സ്‌നേഹിത കൗണ്‍സിലര്‍ കവിത ഗോവിന്ദ് സംസാരിച്ചു.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ആന്‍സി ബിനോയ്, ഷിജി അലക്‌സ്, വര്‍ഗീസ് എബ്രഹാം, ജോഷി കുര്യാക്കോസ്, ജെസ്റ്റിന്‍ ജോസ്,ജാന്‍സി തോമസ്,ലിസ്സി ജോയ്,റീന എല്‍ദോ, സൗമ്യ സനല്‍ കുമാര്‍,ജില്ലാ പ്രോഗ്രാം മാനേജര്‍(ജെന്‍ഡര്‍) ഷൈന്‍ റ്റി മണി, കോതമംഗലം ബ്ലോക്കിലെ മെമ്പര്‍, സെക്രട്ടറിമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍,ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ തുടങ്ങി നാനൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."