ദേശീയപാതയില്‍ അപകടം പതിയിരിക്കുന്നു
മുഹമ്മ: ദേശീയപാതയില്‍ മതിയായ സൈന്‍ ബോര്‍ഡുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഏറെയുണ്ടാകുന്നത്. ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുന്നതും മുറിച്ച് കടക്കുന്നതുമാണ് ഏറെ ശ്രമകരം.
ദേശീയപാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഏറെയും കാരണം അശ്രദ്ധമായ വാഹനമോടിക്കലാണ്. എന്നാല്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാനുള്ള സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ പലഭാഗങ്ങളിലും ഇല്ല എന്നതും വസ്തുതയാണ്. ചെറുതും വലുതുമായ ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനമോ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാം. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ദേശീയ പാതയിലൂടെ വലിയ വാഹനങ്ങളടക്കം ചീറിപ്പായുമ്പോള്‍ റോഡിലേക്ക് പ്രവേശിക്കാനും മുറിച്ചുകടക്കാനും കാല്‍നടയാത്രികരടക്കം ബുദ്ധിമുട്ടുകയാണ്.
ദേശീയപാതയില്‍ പലയിടങ്ങളിലും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട് മറിഞ്ഞും പുല്ല് പിടിച്ച് കാണാന്‍ സാധിക്കാത്തതുമായ നിലയിലാണ്. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഗതാഗതനിയന്ത്രണത്തിന് സിഗ്‌നല്‍ സംവിധാനം ഇല്ല.
ഇവിടങ്ങളില്‍ പൊലിസിനെയാണ് നിയോഗിച്ചിരിക്കുന്നത്. എല്ലാ സമയത്തും ഈ സേവനവും ലഭ്യമല്ല. ഗതാഗത തിരക്കേറിയ പല ജങ്ഷനുകളിലും പൊലിസിനെപോലും നിയോഗിച്ചിട്ടില്ല. നേരത്തെ പാതിരപ്പള്ളി ജങ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് പൊലിസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു. വളവനാട്, മാരാരിക്കുളം കളിത്തട്ട്, തുമ്പോളി ,പൂങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഇവിടെങ്ങും സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനുകളിലെല്ലാം സിഗ്‌നല്‍ സംവിധാനവും പോലീസുകാരെയും നിയോഗിക്കുന്നത് പ്രായോഗികമല്ല. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ ഇവിടങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."