സ്വദേശ - വിദേശ സഞ്ചാരികള്‍ കുറയുന്നു; വനംവകുപ്പിന്റെ പരിഷ്‌കാരത്തില്‍ തകര്‍ച്ച നേരിട്ട് തേക്കടി ടൂറിസം
തൊടുപുഴ: വനംവകുപ്പിന്റെ പരിഷ്‌കാരം മൂലം തേക്കടിയിലെ ടൂറിസം തകര്‍ച്ചയിലേക്ക്. തേക്കടിയിലേക്കുള്ള സഞ്ചാരികളെ നിയന്ത്രിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത വനംവകുപ്പിന്റെ ഭാവനാശൂന്യ നടപടികളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്കടക്കം എത്തിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ഈസ്റ്റര്‍, വിഷു തുടങ്ങിയ ഉത്സവ ദിനങ്ങളില്‍ പതിനായിരത്തിലേറെ സഞ്ചാരികള്‍ തേക്കടിയില്‍ അവധി ആഘോഷിക്കാനെത്തിയുരുന്നു. ഇപ്പോള്‍ തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിരോധനം വന്ന മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 20 വരെയുള്ള 50 ദിവസം മൊത്തം 18,000 ടൂറിസ്റ്റുകള്‍ മാത്രമാണ് തേക്കടിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 26,000 ടൂറിസ്റ്റുകളും ഏപ്രില്‍ 25,000 പേരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശരാശരി ദിവസവും 850 പേര്‍ തേക്കടിയിലെത്തിയിരുന്നു. ഇപ്പോഴിത് 350 ആയി കുറച്ചു.
ഇതേ അവസ്ഥയാണ് തുടരുന്നതെങ്കില്‍ ഒരു വര്‍ഷം നാല് ലക്ഷത്തോളം ടൂറിസ്റ്റുകളുടെ കുറവ് തേക്കടിയിലുണ്ടാകും. സാധാരണ അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഒരു വര്‍ഷം തേക്കടിയിലെത്താറുണ്ട്. 2013 ല്‍ വനംവകുപ്പ് തയാറാക്കിയ നിര്‍ദേശം ദിവസവും തേക്കടിയിലേക്ക് മുന്നൂറ് സഞ്ചാരികളെ കടത്തിവിട്ടാല്‍ മതിയെന്നാണ്. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പത്ത് ശതമാനം മാത്രമാണ് വിദേശത്ത് നിന്നുള്ളത്. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും പതിനാരയിക്കണക്കിന് ടൂറിസ്റ്റുകള്‍ തേക്കടി സന്ദര്‍ശനത്തിനായി എത്താറുണ്ട്. ബോട്ടിലിരുന്ന് വന്യജീവികളെ അടുത്ത് കാണാന്‍ കഴിയുമെന്ന പ്രത്യേകതയാണ് തേക്കടിയെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നതിനാല്‍ തടാകക്കരയില്‍ നിരവധി വന്യമൃഗങ്ങളെ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. തേക്കടിയില്ലെങ്കില്‍ കുമളിയിലെയും കേരളത്തിലേയും ടൂറിസത്തിന് വന്‍ തിരിച്ചടിയാകും.
കുമളിയിലെത്തുന്ന സഞ്ചാരികള്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, ലോഡ്ജ് തുടങ്ങിയവ വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. അതോടൊപ്പം ഹോട്ടല്‍, ടീ ഷോപ്പ്, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍, വിവിധ വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയുടെ നിലനില്‍പ്പ് തന്നെ ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ചത്. ദിവസവും പതിനായിരക്കണക്കിന് രൂപ മുതല്‍ ആയിരം വരെ ചെലവഴിക്കുന്ന സഞ്ചാരികളുണ്ട്.
ദിവസം ഒരാള്‍ രണ്ടായിരം രൂപ എന്ന തോതില്‍ രണ്ട് ദിവസം തങ്ങുന്നത് ഉള്‍പ്പെടെ കൂട്ടിയാല്‍ നാല് ലക്ഷം ടൂറിസ്റ്റുകളില്‍ നിന്ന് ലഭിക്കേണ്ട എണ്‍പത് കോടിയിലേറെ രൂപ കുമളിയ്ക്ക് നഷ്ടമാകും. ഇതോടൊപ്പം അനുബന്ധമേഖലയിലാകെ ഇതിനേക്കാള്‍ ഇരട്ടി വരുമാന നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."