HOME
DETAILS
MAL
യു.പിയില്‍ പൊലിസുകാരെ വധിച്ച സംഭവം; ദുബെയും കൊല്ലപ്പെട്ടു ദുരൂഹതകള്‍ മാത്രം ബാക്കി
backup
July 11 2020 | 02:07 AM
ലക്‌നൗ: ജൂലൈ മൂന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാ കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള എട്ടു പൊലിസുകാര്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇനി ബാക്കിയുള്ളത് ദുരൂഹതകള്‍ മാത്രം. സംഭവത്തില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് വികാസ് ദുബെ പൊലിസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിക്കുകയും ഇയാളുടെ അഞ്ചു കൂട്ടാളികള്‍ വിവിധ സ്ഥലങ്ങളില്‍വച്ച് കൊല്ലപ്പെടുകയും ചെയ്തതോടെ കേസില്‍ ഇനി അധികം കാര്യങ്ങള്‍ പുറത്തുവരില്ലെന്ന് ഉറപ്പായി. എന്നാല്‍, ദുബെയുടെ ചില കൂട്ടാളികളെ ഇനിയും പിടികൂടാനുണ്ട്.
ജൂലൈ മൂന്നിന് ദുബെയുടെ താവളത്തില്‍ റെയ്ഡ് നടക്കുമെന്ന കാര്യം ചില പൊലിസുകാര്‍ തന്നെ ഇയാളെ മുന്‍കൂട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡിനെത്തിയ പൊലിസുകാരെ ഇയാളും സംഘവും കൊലപ്പെടുത്തുകയായിരുന്നു. പൊലിസില്‍നിന്ന് ഇയാള്‍ക്കു സഹായം ലഭിക്കുന്നതായി കൊല്ലപ്പെട്ട ഡിവൈ.എസ്.പി മേലുദ്യോഗസ്ഥര്‍ക്കു കത്തുനല്‍കിയിരുന്നെന്ന വാര്‍ത്തയും പുറത്തായി. സംഭവം വിവാദമായതോടെ ദുബെയുമായി ബന്ധമുള്ള ചൗബേയ്പൂര്‍ സ്റ്റേഷനിലെ ഹൗസ് ഓഫിസറെയടക്കം അറസ്റ്റ് ചെയ്യുകയും 68 പൊലിസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ദുബെയ്ക്കും കൂട്ടാളികള്‍ക്കും വേണ്ടി പൊലിസ് തിരച്ചില്‍ തുടങ്ങി. വിവിധയിടങ്ങളില്‍നിന്നായി ഇയാളുടെ അഞ്ചു കൂട്ടാളികളെ പൊലിസ് വെടിവച്ചു കൊന്നു. ഒരാളെ വെടിയേറ്റ പരുക്കുകളോടെ പിടികൂടുകയും ചെയ്തു. നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. ദുബെയുടെ കൂട്ടാളികളില്‍ മരണപ്പെട്ട ഒരാള്‍ക്കടക്കം രണ്ടുപേര്‍ക്കു കൊവിഡ് സ്ഥിരീകീരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ക്ഷേത്രത്തില്‍വച്ച് ദുബെ പിടിയിലായത്. ഇതിനു മുന്‍പായി ഇയാള്‍ നാലു സംസ്ഥാനങ്ങളിലൂടെ പൊലിസ് പരിശോധനകളിലൊന്നും പെടാതെ റോഡ് മാര്‍ഗം സഞ്ചരിച്ചതു വിവാദമായി.
ഇതിനു പിന്നാലെ, ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളും ചര്‍ച്ചയായി. ദുബെ ബി.ജെ.പിക്കാരനാണെന്നും സമാജ് വാദി പാര്‍ട്ടിക്കാരനാണെന്നും വാര്‍ത്ത വന്നു. എന്നാല്‍, സമാജ് വാദി പാര്‍ട്ടി ഈ ആരോപണം നിഷേധിക്കുകയും ചെയ്തു. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ദുബെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ഇതോടെ, കേസില്‍ ഇനി അധികം കാര്യങ്ങള്‍ പുറത്തുവരില്ലെന്ന് ഉറപ്പായി.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!
ലക്‌നൗ: വികാസ് ദുബെ കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശ് പൊലിസിന്റെ വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ പൊലിസിനു സാധിച്ചിട്ടുമില്ല.
അപകടത്തില്‍പെട്ട വാഹനത്തിലായിരുന്നില്ല വികാസ് ദുബെ ഉണ്ടായിരുന്നതെന്നാണ് പ്രധാന ആരോപണം. കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മാത്രം മുന്‍പ് ഇവിടത്തെ ഒരു ടോള്‍പ്ലാസയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രത്തില്‍ ദുബെ മറ്റൊരു വാഹനത്തിലായിരുന്നു. സംഭവത്തിന് അര മണിക്കൂര്‍ മാത്രം മുന്‍പ്, ദുബെയെ കൊണ്ടുപോയ പൊലിസ് സംഘത്തിനു പിന്നാലെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞിരുന്നു. ഇതിന്റെ വിഡിയോ പുറത്തായിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്നെന്നു പറയുന്ന സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ മുന്‍പുതന്നെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ദുരൂഹതയുണര്‍ത്തുന്നു.
അതോടൊപ്പം, പ്രദേശത്ത് ഒരു വാഹനാപകടം നടന്നതായി അടയാളങ്ങളില്ലെന്നു മാത്രമല്ല, അപകടത്തിന്റെ ശബ്ദം കേട്ടില്ലെന്നും വെടിയൊച്ചകള്‍ മാത്രമാണ് കേട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു. കൊലപാതകങ്ങളടക്കം 60ലേറെ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ വിലങ്ങണിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. വിലങ്ങണിയിച്ചിരുന്നെങ്കില്‍ ദുബെയ്ക്ക് തോക്ക് കൈക്കലാക്കാനും രക്ഷപ്പെടാന്‍ ശ്രമിക്കാനും സാധിക്കില്ലായിരുന്നു. ദേശീയപാതയില്‍നിന്നു നിയന്ത്രണം തെറ്റി മറിഞ്ഞ കാറില്‍നിന്നു ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന വാദവും പലരും ചോദ്യം ചെയ്യുന്നുണ്ട്.
കൊല്ലാന്‍ സാധ്യതയെന്ന് ഹരജി; ഇരുട്ടി
വെളുക്കും മുന്‍പേ ദുബെ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: അറസ്റ്റിലായ വികാസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ സാധ്യതയുണ്ടെന്നു കാണിച്ചുള്ള ഹരജി സുപ്രിംകോടതി പരിഗണനയ്‌ക്കെടുക്കും മുന്‍പേ വികാസ് ദുബെ കൊല്ലപ്പെട്ടു. ദുബെയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സുപ്രിംകോടതില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടിരുന്നത്. അഭിഭാഷകനായ ഗണശ്യാം ഉപാധ്യായയായിരുന്നു ഹരജിക്കാരന്‍.
ദുബെയുടെ അഞ്ചു കൂട്ടാളികള്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടെന്ന പൊലിസിന്റെ വാദത്തേയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. ഇവയൊക്കെ വ്യാജ ഏറ്റുമുട്ടലുകളാണെന്ന് ആരോപിച്ചിരുന്ന ഹരജിയില്‍ ദുബെയും ഇത്തരത്തില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെതന്നെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും, ഇന്നലെ പുലര്‍ച്ചെ തന്നെ ദുബെ കൊല്ലപ്പെടുകയായിരുന്നു.
പിന്നില്‍ രാഷ്ട്രീയം? ജുഡീഷ്യല്‍
അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വിവാദം. ദുബെയെ സഹായിച്ചവര്‍ ആരെന്നുകൂടി തെളിയേണ്ടതുണ്ടെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
വികാസ് ദുബെയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിക്കു കീഴില്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടത്. ദുബെയെ കൊന്ന വിഷയത്തില്‍ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്നത് ആരെന്നു തെളിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബെ മരിച്ചെന്നു പറഞ്ഞ അവര്‍, എന്നാല്‍ അയാളെ സഹായിച്ചിരുന്നത് ആരൊക്കെയെന്ന് തെളിയേണ്ടതുണ്ടെന്നും വ്യക്തമാക്കി.
വികാസ് ദുബെയെ പൊലിസ് പിടികൂടകയല്ലായിരുന്നെന്നും അയാള്‍ കീഴടങ്ങുകയായിരുന്നെന്നും കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
രാവിലെ കീഴടങ്ങിയയാള്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന വാദത്തില്‍ കഴമ്പില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മരിച്ചയാള്‍ ഇനി കാര്യങ്ങള്‍ പറയില്ലല്ലോയെന്നായിരുന്നു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും വിഷയത്തില്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നീതി നടപ്പായെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്രയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."