മായം കലര്‍ന്ന മത്സ്യം: റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തേക്ക് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.തിരുവനന്തപുരത്ത് തമ്പാനൂര്‍, കൊല്ലം, എറണാകുളം സ്റ്റേഷനുകളിലാണ് പരിശോധന നടന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാവിലെ എത്തിയ മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ്, മധുര - പുനലൂര്‍ പാസഞ്ചര്‍, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ തെര്‍മോകോള്‍ ബോക്‌സുകളിലാക്കി കൊണ്ടുവന്ന നെയ്മീന്‍, വേളാപ്പാര, കരിമീന്‍, കണവ, കൊഞ്ച് തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശേഖരിച്ച സാമ്പിളുകളില്‍ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയില്ല. എറണാകുളത്ത് അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ കെ.വി. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെയും ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിള്‍ തിരുവനന്തപുരത്തെ റിജ്യനല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."