കെ.എസ്.എഫ്.ഇക്ക് കീഴില്‍ സര്‍ക്കാരിന്റെ ഹലാല്‍ ചിട്ടി
മലപ്പുറം: പലിശരഹിത ഇടപാടുകളില്‍ താല്പര്യമുള്ളവരെ ഉദ്ദേശിച്ച് സര്‍ക്കാരിന്റെ ഹലാല്‍ ചിട്ടിയും. കെ.എസ്.എഫ്.ഇക്കു കീഴിലാണ് പുതിയ പദ്ധതി ആലോചിക്കുന്നത്. പലിശ ഇല്ലാത്ത വിധമായിരിക്കും ചിട്ടിയുടെ ക്രമീകരണം.
ചിട്ടിയിലൂടെ കിഫ്ബി മുഖേന സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാനാണ് തീരുമാനം. ഇതിലൂടെ ലഭിക്കുന്ന പണം മതപരമായി നിഷിദ്ധമായ ആവശ്യത്തിനു ഉപയോഗപ്പെടുത്തുമോയെന്ന ആശങ്ക ഗുണഭോക്താവിനു ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹലാല്‍ ചിട്ടിയില്‍ കുറിക്കുവേണ്ടി ലേലം വിളിയോ നറുക്കെടുപ്പോ നടത്തുന്നില്ല. പകരം സംഖ്യ ആവശ്യമുള്ളവര്‍ അക്കാര്യം ഓണ്‍ലൈനിലൂടെ അറിയിക്കുകയും അംഗങ്ങളുടെ വോട്ടെടുപ്പോടെ കൂടുതല്‍ ആളുടെ പിന്തുണയുള്ള ആള്‍ക്ക് കുറി അനുവദിക്കുകയും ചെയ്യാനാണ് ഉദ്ദേശം.
പ്രവാസി മലയാളികളെ ലക്ഷ്യംവച്ച് അടുത്തു തുടങ്ങുന്ന കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിക്കു ശേഷം ഹലാല്ചിട്ടിയുടെ കാര്യം പരിഗണിക്കുമെന്നു ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പലിശ രഹിത ഇടപാടുകള്‍ ലക്ഷ്യം വെച്ചു ഇസ്ലാമിക് ബാങ്കിങ് തുടങ്ങുന്ന കാര്യം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേ ഒരുനടപടിയും ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."