പിഴ ഈടാക്കി പാസ്‌പോര്‍ട്ട് നല്‍കുന്നത് നിര്‍ത്താന്‍ നിര്‍ദേശം
ആലപ്പുഴ: തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷകളില്‍ പിഴ സ്വീകരിച്ച് പാസ്‌പോര്‍ട്ട് നല്‍കുന്ന രീതി നിര്‍ത്തിവയ്ക്കാന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് അപേക്ഷകര്‍ മറച്ചുവെയ്ക്കുന്ന വിവരങ്ങള്‍ പിന്നീട് പൊലിസ് റിപ്പോര്‍ട്ടിലോ പരിശോധനാ സമയത്തോ കണ്ടെത്തി കഴിഞ്ഞാല്‍ അപേക്ഷകനില്‍ നിന്ന് വിശദീകരണം വാങ്ങുകയും പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം പെനാല്‍ട്ടിയോ പിഴയോ സ്വീകരിച്ച് പാസ്‌പോര്‍ട്ട് നല്‍കുകയും ചെയ്യുന്നതായിരുന്നു രീതി. ഈ രീതിക്കെതിരേ കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യഹരജിയില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുന്നത് നിര്‍ത്താന്‍ ഉത്തരവ് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അപേക്ഷകളിലുള്ള എല്ലാത്തരം ഫൈനുകളും വാങ്ങുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയും പുതിയൊരു തീരുമാനം ഉണ്ടാകുന്നത് വരെ ഇത്തരം അപേക്ഷകളില്‍ തല്‍ക്കാലം പാസ്‌പോര്‍ട്ട് വിതരണം ചെയ്യേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിന്റെ ഭാഗമായിട്ടാണ് വിദേശകാര്യമന്ത്രാലയം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ഒരിക്കല്‍ പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കെ വീണ്ടും അത് മറച്ചുവെച്ച് അപേക്ഷിക്കുന്നത് മുതല്‍ പേര്, ജനനതിയതി, വൈവാഹിക വിവരം, അഡ്രസിലെ മാറ്റം തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകന്‍ മറച്ചുവെയ്ക്കുന്നതായി കണ്ടെത്തുന്ന ചെറിയ കുറ്റങ്ങള്‍ക്ക് വരെ ഫൈന്‍ ഈടാക്കി നല്‍കിയ അപേക്ഷ നിരസിക്കാതെ തന്നെ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം 500 രൂപ മുതല്‍ 80,000 രൂപ വരെ ഫൈന്‍ ഈടാക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഏജന്‍സികള്‍ വഴി അപേക്ഷ നല്‍കുമ്പോഴുണ്ടാകുന്ന പിഴവുകളാണ് കൂടുതലായി വരുന്നതെന്നാണ് പാസ്‌പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്ത് ആയിരകണക്കിന് അപേക്ഷകളാണ് ഇത്തരത്തില്‍ ഓരോ മാസവും തീര്‍പ്പാക്കുന്നത്.
പിഴ ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല
പിഴ നല്‍കുന്നത് ശിക്ഷാവിധിയുടെ പരിധിയില്‍ വരുന്നതിനാല്‍ ശിക്ഷ നിശ്ചയിക്കാന്‍ സര്‍ക്കാരിനോ പാസ്‌പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ജൂഡീഷ്യല്‍ നടപടിയുടെ ഭാഗമായി വരുന്നതിനാല്‍ അത്തരം കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ നിയമപരമായ നടപടിക്ക് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടത്. പാസ്‌പോര്‍ട്ട് അപേക്ഷയിലെ തെറ്റുകുറ്റങ്ങള്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിവിധി. സിറ്റിസണ്‍സ് ലീഗല്‍ റൈറ്റ് അസോസിയേഷന്‍ എന്ന സംഘടന കേന്ദ്രവിദേശകാര്യ മന്ത്രാലയത്തെയും ചീഫ് പാസ്‌പോര്‍ട്ട് ഓഫിസറെയും പ്രതികളാക്കി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന കേരള ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്.
പാസ്‌പോര്‍ട്ട് അപേക്ഷകന് തെറ്റുതിരുത്തി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ പിഴ വിധിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതോടെ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തെറ്റുകണ്ടെത്തിയാല്‍ വീണ്ടും അപേക്ഷിക്കേണ്ട സാഹചര്യമായിരിക്കും വരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."