പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ കൊച്ചിയിലെ ഓഫിസിലെത്തിക്കുന്നതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കി .
ഇവരെ വിരട്ടിയോടിക്കാന്‍ പൊലിസ് ലാത്തിവീശിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് പ്രതികളെ കൊച്ചി പനമ്പള്ളി നഗറിലെ എന്‍.ഐ.എ ഓഫിസിലെത്തിച്ചത്. ഇരുവരെയും കൊണ്ടുള്ള വാഹനമെത്തിയതോടെ അവിടെ നിലയുറപ്പിച്ചിരുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരെ എന്‍.ഐ.എ ഓഫിസിനു സമീപം പൊലിസ് കയര്‍ വലിച്ച് കെട്ടി നിയന്ത്രിച്ചു. ഇത് നേരിയ സംഘര്‍ഷത്തിന് വഴിയൊരുക്കി. സര്‍ക്കാരിനും പൊലിസിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയര്‍ന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഓഫിസ് പരിസരത്തേക്ക് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ കരിങ്കൊടിയും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പാഞ്ഞടുത്തു. ഇതോടെയാണ് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സമരക്കാര്‍ക്ക് പരുക്കേറ്റു. സംസ്ഥാന നേതാക്കളായ അബിന്‍ വര്‍ക്കി, ലിന്റോ പി ആന്റൂ, വൈശാഖ് ദര്ശന്, ജില്ലാ നേതാക്കളായ അബ്ദുല്‍ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."