ലോക്‌സഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം
ലോകത്തൊരിടത്തുമില്ല, ഇന്ത്യയെപ്പോലെ സുന്ദരമായ ജനാധിപത്യം. ആളുമര്‍ഥവും ആഴവും പരപ്പുമുള്ള വമ്പിച്ച ഒരു ജനാധിപത്യ പാര്‍ലമെന്ററി സംവിധാനം!
103 കോടി വോട്ടര്‍മാര്‍, പതിനായിരക്കണക്കിനു സ്ഥാനാര്‍ഥികള്‍, പത്തരലക്ഷം ബൂത്തുകള്‍, ലക്ഷക്കണക്കിനു തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പു കണക്കുകള്‍.
വോട്ടു ചെയ്തയാളാണെന്ന് ഉറപ്പാക്കാന്‍ വിരലടയാളത്തിന് ഉപയോഗിക്കുന്ന മഷി മാത്രം 26 ലക്ഷം ബോട്ടിലുകള്‍ വരുമത്രേ! 35,000 കോടിയിലധികം രൂപ ചെലവു വരുന്ന ഇത്രയും വിപുലമായ തെരഞ്ഞെടുപ്പു പ്രക്രിയ ലോകത്തൊരിടത്തും കാണില്ല.
130 കോടി ജനങ്ങളുടെ പരിച്ഛേദമാണു നമ്മുടെ ജനപ്രതിനിധി സഭ. പാവങ്ങളുടെ, പണക്കാരുടെ, കൃഷിക്കാരുടെ, കച്ചവടക്കാരുടെ, യുവാക്കളുടെ, സ്ത്രീകളുടെ പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ട്. മാത്രമല്ല, ലോകത്തെവിടെയും കാണാത്ത കമ്മ്യൂണിസ്റ്റുകള്‍ വരെ ഈ സഭയിലുണ്ട്. (ലോക കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് പാര്‍ലമെന്ററി സിസ്റ്റത്തില്‍ വിശ്വസിക്കുന്നില്ല.)
17 ാം ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ രാഷട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവച്ച പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മാത്രമാണ് ഇലക്ടറല്‍ സിസ്റ്റത്തില്‍ ചില പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പാര്‍ലമെന്റിലും നിയമസഭകളിലും നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാനവാഗ്ദാനം. അധികാരത്തില്‍ വന്നാല്‍ ആദ്യ സഭാ സമ്മേളനത്തില്‍ത്തന്നെ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് കൃത്യമായി പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനത്തിന് പൊതുസമൂഹത്തിന്റെ നല്ല കൈയടി കിട്ടി. എങ്കിലും ഇതൊക്കെ നടപ്പാകുമോയെന്നു സംശയിക്കുന്നവരുണ്ടാകാം. അവരോട് ഒരു വാക്ക്, ഇതു രാഹുല്‍ ഗാന്ധിയാണ്. പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനം കാലതാമസമില്ലാതെ നടപ്പാക്കിയ രാജീവ്ഗാന്ധിയുടെ മകന്‍. നെഹ്‌റുവിന്റെ പിന്‍ഗാമികളിലൊരാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉറപ്പായും വിശ്വസിക്കാം...
കോണ്‍ഗ്രസ് തന്നെയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കിയത്. അതുകൊണ്ട് അക്കാര്യത്തിലൊന്നും ആശങ്കയില്ല.
ഇവിടെ വിഷയം അതല്ല, നമ്മുടെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ അടിയന്തരമായി വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ചുള്ള ആശയം ഇവിടെ ഒരു തുറന്ന ചര്‍ച്ചയ്ക്കു വയ്ക്കുകയാണ്.
ആശയമിതാണ്, ലോക്‌സഭാംഗങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിപ്പിക്കണം. ലോക്‌സഭയിലെ ഇപ്പോഴത്തെ എണ്ണം 545 ആണ്. അത് ആയിരത്തിലധികമായി വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 1200 ലധികം സിറ്റിങ് കപ്പാസിറ്റിയുള്ള പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാള്‍ ഉള്ളതുകൊണ്ട് തല്‍ക്കാലം സഭകൂടാന്‍ വേറേ സ്ഥലം അന്വേഷിക്കേണ്ട കാര്യമില്ല.
1947 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 30 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. അതിന്റെ അടിസ്ഥാനത്തിലാണ് 489 അംഗ ലോക്‌സഭയ്ക്കു രൂപം നല്‍കിയത്. ഇന്ന് ഇന്ത്യയുടെ ജനസംഖ്യ 130 കോടിയിലധികമായിട്ടുണ്ട്. എന്നിട്ടും, എം.പിമാരുടെ എണ്ണം കാലോചിതമായി കൂട്ടിയില്ല.
ഭരണഘടനാ തത്വമനുസരിച്ച് ഡിലിമിറ്റേഷന്‍ ആക്ട് പ്രകാരം 20 കൊല്ലം കൂടുമ്പോള്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുനഃനിര്‍ണയം നടക്കണം. ഭൂമിശാസ്ത്രഘടനയനുസരിച്ച് പലപ്പോഴും മണ്ഡലങ്ങളുട രൂപത്തില്‍ അല്ലറച്ചില്ലറ ഭേദഗതി വരുത്താറുണ്ട്. എങ്കിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണു വരുത്തിയതെന്നു പറയാതെ വയ്യ.
ജനസംഖ്യാ വര്‍ധനവില്‍ ഇന്ത്യയുടെ വടക്കും തെക്കും തമ്മിലുള്ള വളര്‍ച്ചയിലുള്ള അസന്തുലിതാവസ്ഥ പറഞ്ഞാണ് എണ്ണത്തിന്റെ കാര്യം തടയപ്പെട്ടത്. അതുപോലും മറികടക്കാനുള്ള പരിഹാരമാര്‍ഗങ്ങള്‍ രൂപപ്പെടുത്താവുന്നതേയുള്ളൂ. ഈ വിഷയം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വം ഒരു വട്ടമേശ സമ്മേളന അജന്‍ഡയാക്കി ചര്‍ച്ച ചെയ്യണം. അതിനു സമയമായിരിക്കുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെ ആരൂഢം ബ്രിട്ടനാണെങ്കില്‍ അവര്‍ക്ക് ആറേമുക്കാല്‍ കോടി ജനസംഖ്യക്കു 1443 അംഗ എം.പിമാരുണ്ട്. (ഹൗസ് കോമണ്‍സിലും ഹൗസ് ഓഫ് ലോഡ്‌സിലും )
എട്ടേകാല്‍ കോടി (8.2 മില്യന്‍) ജനങ്ങളുള്ള ജര്‍മനിയിലെ ലോവര്‍ ഹൗസില്‍ 600 അംഗങ്ങളുണ്ട്. യു.എസ്.എ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവ മാത്രമല്ല, ഗ്രാന്‍ഡേയെന്ന കൊച്ചു രാജ്യത്തു പോലും ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള അനുപാതം ശ്രദ്ധേയമാണ്. അത്തരം പരിഷ്‌കാരത്തിന്റെ പ്രാധാന്യം ഇന്ത്യ ഗൗരവമായി എടുക്കണം.
നല്ലൊരു പോസിറ്റിവ് ചര്‍ച്ചയ്ക്കായി ഈ വിഷയം പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."