രാജസ്ഥാനിലെ പ്രതിസന്ധി; മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചു; പിന്നാലെ പൊട്ടിത്തെറി
ജയ്പൂര്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പൊട്ടിത്തെറിയിലെത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്.
ഇദ്ദേഹത്തോടൊപ്പം പാര്‍ട്ടിവിട്ട 22 എം.എല്‍.എമാര്‍ രാജിവച്ചതടക്കം 24 സീറ്റുകളിലേക്കു നിര്‍ണായക ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേയാണ് രാജസ്ഥാനിലും ഇതേ ചരിത്രം ആവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്നാണ് പുതിയ വാര്‍ത്ത. ഇദ്ദേഹം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പിടികൊടുക്കാതെ ഡല്‍ഹിയിലെത്തിയിട്ടുമുണ്ട്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരുന്നു കോണ്‍ഗ്രസ് കാംപയിനിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ല.
ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും നല്‍കി. അന്നുമുതല്‍തന്നെ പാര്‍ട്ടിയില്‍ അസ്വാരസ്യം തുടങ്ങിയിരുന്നു. നേരത്തെ, രാജസ്ഥാനില്‍ ബി.ജെ.പി അട്ടിമറി ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയില്‍ സച്ചിന്‍ പൈലറ്റിന്റെയടക്കം മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
കേസില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി നേരത്തെ ചര്‍ച്ച നടത്തിയെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അശോക് ഗെലോട്ടിന്റെ വകുപ്പിനു കീഴിലെ സംഘം നടത്തുന്ന അന്വേഷണത്തില്‍ സച്ചിന്‍ പൈലറ്റിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
ബി.ജെ.പി പൈലറ്റിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍, രാജസ്ഥാനിലെ മുഖ്യമന്ത്രിയാക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന എഫ്.ഐ.ആറിലുണ്ടായിരുന്നു.
കേസില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. എന്നാല്‍, സച്ചിന്‍ പൈലറ്റിനെ മാത്രമല്ല, മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചീഫ് വിപ്പ് മഹേഷ് ജോഷി തുടങ്ങിയവരെയും കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് ഗെലോട്ട് പക്ഷം പറയുന്നത്.
എന്നാല്‍, എഫ്.ഐ.ആറിലെ പരാമര്‍ശത്തിലൂടെ പാര്‍ട്ടിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൈലറ്റ് ആരോപിക്കുന്നത്. പൈലറ്റിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഗെലോട്ട് പക്ഷം നടത്തുന്ന നീക്കങ്ങളാണിതെന്നാണ് ആരോപണം.
സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് സച്ചിന്‍ പൈലറ്റിനെ മാറ്റാന്‍ ഗെലോട്ട് വിഭാഗം ശ്രമങ്ങള്‍ നടത്തിയിരുന്നതായും ആരോപണമുണ്ട്. ഇതോടെയാണ് ഭിന്നത പൊട്ടിത്തെറിയിലേക്കെത്തിയത്. 16 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്നു സ്വതന്ത്രരുമടക്കം 19 എം.എല്‍.എമാരുടെ പിന്തുണ പൈലറ്റിന് ഉണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."