കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി
കിളിമാനൂര്‍: കാര്‍ഷിക മേഖലയ്ക്കു കരുത്തുപകരാന്‍ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ വ്യാപകമാക്കുമെന്ന് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഇന്നലെ സംസാംരിക്കുകയായിരുന്നു മന്ത്രി.
200 കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പത്തു ലക്ഷം രൂപാ ഓരോ കേന്ദ്രത്തിനും വിനിയോഗിക്കാം. യന്ത്രം വാങ്ങാന്‍ മാത്രം 9 ലക്ഷം ചെലവഴിക്കാന്‍ കഴിയും. 2 വര്‍ഷം കൊണ്ട് കര്‍ഷക സേവന കേന്ദ്രങ്ങള്‍ സാര്‍വത്രികമായി നടപ്പിലാക്കും. മണ്ണുപരിശോധന മുതല്‍ വിളവെടുപ്പ് വരെ ശാസ്ത്രീയമായ പരിരക്ഷ ഉറപ്പുവരുത്തി കാര്‍ഷിക മേഖല അടിമുടി മാറ്റാന്‍ നടപടി സ്വീകരിക്കും. പരമ്പരാഗത കൃഷി വികസന യോജന 900 കേന്ദ്രങ്ങളില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു. കൃഷിയിടങ്ങളുടെ പരിപാലനത്തിനായി അഗ്രോ ക്ലീനിക്കുകള്‍ എല്ലാ പഞ്ചായത്തുകളിലും സജീവമാക്കാന്‍ നടപടി സ്വീകരിച്ചു.
കേരളത്തില്‍ 450 എക്കോ ഷോപ്പുകള്‍ തുടങ്ങി. കിളിമാനൂര്‍ ബ്ലോക്കില്‍ എക്കോ ഷോപ്പിന് അനുമതി നല്‍കുന്നതായും മന്ത്രി പറഞ്ഞു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനായി. കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂനിഫോം എ. സമ്പത്ത് എം.പി വിതരണം ചെയ്തു.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളും കൃഷിഭവനുകളും കാര്‍ഷിക പ്രദര്‍ശന വിപണന സ്റ്റാളുകളും ഒരുക്കിയിരുന്നു. നഗരൂര്‍ പഞ്ചായത്തിന്റെ അലങ്കാര മത്സ്യ പ്രദര്‍ശനവും വില്‍പ്പനയും കൗതുകമായി. ഗോള്‍ഡന്‍ ഫിഷ്, ഏഞ്ചല്‍ ഫിഷ്, ജയന്റ് ഗൗരാമി, രോഹു, അരൗണ എന്നിവ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
കരവാരം പഞ്ചായത്തിന്റെ വിള ആരോഗ്യ കേന്ദ്രം ജൈവവളം, ജൈവ വളര്‍ച്ചാ ത്വരകങ്ങള്‍, വിവിധ രോഗങ്ങള്‍ ബാധിച്ച സസ്യങ്ങളുടെ സ്‌പെസിമെനുകള്‍ എന്നിവ പരിചയപ്പെടുത്തി. പുളിമാത്ത് പഞ്ചായത്തിന്റെ സ്റ്റാളില്‍ വിവിധയിനം ജൈവ പച്ചക്കറികളും തൈകളും വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്നു. കിളിമാനൂര്‍ കൃഷിഭവനില്‍ നിന്നും പീനട്ട് ബട്ടര്‍ ഫ്രൂട്ട്, വിവിധയിനം സ്‌ക്വാഷുകള്‍, കരിങ്കോഴിയുടെ മുട്ടകള്‍ എന്നിവയും വില്‍പ്പനയ്‌ക്കെത്തി. ചക്ക വിഭവങ്ങളുടെ പലതരം രുചിക്കൂട്ടുമായി കുടുംബശ്രീയും ആത്മ ഗ്രൂപ്പുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."