ശിവശങ്കറിന്റെ വീഴ്ച
1994 ഡിസംബര്‍ ഒന്ന്, മുഖ്യമന്ത്രി കെ. കരുണാകരന് പതിവുപോലെ തിരക്കുള്ള ദിവസമായിരുന്നു അതും. എങ്കിലും ഐ.ബി ജോയിന്റ് ഡയരക്ടര്‍ മാത്യു ജോണും ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍.ബി ശ്രീകുമാറും ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ കരുണാകരന്‍ സമ്മതിച്ചു. ഇരുവരും വൈകുന്നേരത്തോടെ ക്ലിഫ് ഹൗസിലെത്തി. അതിനോടകം വലിയ വിവാദമായിക്കഴിഞ്ഞിരുന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഐ.ജി രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡി.ജി.പി ടി.വി മധുസൂധനന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. കരുണാകരന്‍ ഒന്നും പറഞ്ഞില്ല. എല്ലാം കേട്ടിരുന്ന ശേഷം രണ്ടുപേരെയും യാത്രയാക്കി. പിറ്റേന്ന് രാവിലെ അദ്ദേഹം ഡല്‍ഹിയില്‍ സി.ബി.ഐയുടെ ചുമതല വഹിച്ചിരുന്ന കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയെ ഫോണില്‍ വിളിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. 1994 ഡിസംബര്‍ നാലാം തിയതി ജോയിന്റ് ഡയരക്ടര്‍ എം.എല്‍ ശര്‍മയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സി.ബി.ഐ സംഘം ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഏറ്റെടുത്തു.
ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ വിവിധ ഘട്ടങ്ങളില്‍ രമണ്‍ ശ്രീവാസ്തവയുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും ഒരിക്കല്‍പോലും കരുണാകരന്‍ തന്റെ വിശ്വസ്തനായ പൊലിസുദ്യോഗസ്ഥനെ തള്ളിപ്പറഞ്ഞില്ല. ശ്രീവാസ്തവ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുമില്ല. ചാരക്കേസ് തന്നെ കെട്ടിച്ചമച്ച കള്ളക്കേസാണെന്ന് സി.ബി.ഐ അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ഇന്നിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പ്രതിക്കൂട്ടിലായിരിക്കുന്നു. മുന്‍പും ആരോപണങ്ങള്‍ പലതും ഉയര്‍ന്നുവെങ്കിലും എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സെക്രട്ടറിയെ തുണച്ചു. പക്ഷെ അവസാനം നയതന്ത്ര മറവില്‍ വന്‍ സ്വര്‍ണക്കടത്ത് പിടിയിലാവുകയും അതിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള ബന്ധം പുറത്താവുകയും ചെയ്തതോടെ ശിവശങ്കറിനു മേല്‍ സംശയത്തിന്റെ കുരുക്ക് മുറുകിയിരിക്കുന്നു. പ്രതിപക്ഷവും ബി.ജെ.പിയും അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കുനേരെ വലിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നു. പിണറായി സര്‍ക്കാരില്‍ ഉന്നതമായ ചുമതലകള്‍ വഹിച്ചിരുന്ന ശിവശങ്കറിന്റെ ഔദ്യോഗിക ജീവിതത്തിനു മുന്നിലും ഉയര്‍ന്നു നില്‍ക്കുന്നത് വലിയ ചോദ്യചിഹ്നം.
പഠിക്കുന്ന കാലത്ത് വളരെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ശിവശങ്കര്‍. എസ്.എസ്.എല്‍.സിക്കും പ്രീഡിഗ്രിക്കും ഉയര്‍ന്നനിലയില്‍ വിജയിച്ച് എന്‍ജിനീയറിങ്ങും എം.ബി.എയും പാസായി, സെക്രട്ടേറിയറ്റില്‍ ഡപ്യൂട്ടി കലക്ടറായി തുടക്കം. തുടര്‍ന്ന് 1995-ല്‍ ഐ.എ.എസിലേക്ക്. നേരിട്ടുള്ള ഐ.എ.എസ് നിയമനമല്ലെങ്കില്‍ കൂടി ശിവശങ്കറിനു കിട്ടിയിതൊക്കെയും നല്ല ലാവണങ്ങളായിരുന്നു. വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്, ടൂറിസം, പി.ഡബ്ല്യു.ഡി എന്നിങ്ങനെ പല വകുപ്പുകളുടെയും ചുമതല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വിദ്യുഛക്തി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. ആര്യാടന്‍ മുഹമ്മദായിരുന്നു വിദ്യുഛക്തി മന്ത്രി. വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയത് ശിവശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. വിദ്യുഛക്തി ബോര്‍ഡില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നായിരുന്നു അത്. സംസ്ഥാനത്തെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി, സര്‍ക്കാരില്‍ അടയ്‌ക്കേണ്ട വിവിധ ബില്ലുകള്‍ ഒരു കേന്ദ്രം വഴി അടയ്ക്കാന്‍ കഴിയുന്ന 'ഫ്രണ്ട്‌സ്' എന്നിങ്ങനെ ശിവശങ്കറിന് അവകാശപ്പെട്ട നേട്ടങ്ങള്‍ നിരവധിയുണ്ട്. ഇതൊക്കെയും കണക്കിലെടുത്താണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടനെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി സെക്രട്ടറിയായും അദ്ദേഹത്തെ തെരഞ്ഞെടുത്തു നിയമിച്ചത്. നേരിട്ട് ഐ.എ.എസില്‍ എത്തിയ ആള്‍ അല്ലാതിരുന്നിട്ടുകൂടി.
പക്ഷേ, നേരിട്ട് ഐ.എ.എസിലെത്താതിരുന്നതിന്റെ വല്ലായ്മ ശിവശങ്കറിനെ അലട്ടിയിരുന്നുവെന്ന് കരുതണം. മുന്‍നിര ഐ.എ.എസ് ഉദ്യോഗസ്ഥരോടൊക്കെയും ഒരു അകലം പാലിക്കാന്‍ ശിവശങ്കര്‍ എപ്പോഴും ശ്രദ്ധിച്ചു. മുന്‍പത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായൊക്കെയും അദ്ദേഹം അധികം അടുത്തില്ല. മുഖ്യമന്ത്രിയുടെ പ്രധാന ഉദ്യോഗസ്ഥനെന്ന നിലയില്‍ കാര്യങ്ങളൊക്കെ സ്വന്തം ഇഷ്ടപ്പടി നടത്താനാണ് ശിവശങ്കര്‍ ശ്രമിച്ചത്. ആരോടും മൂപ്പ് ചോദിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ആരോടും കൂടിയാലോചിച്ചില്ല. ആരുടെയും ഉപദേശം തേടിയില്ല. സ്പ്രിംഗ്ലര്‍ വിവാദം തന്നെ ഉദാഹരണം. കൊവിഡ് സംബന്ധിച്ച രോഗികളുടെ വിവരം ശേഖരിക്കുന്നത് അമേരിക്കന്‍ സ്ഥാപനമാണെന്നും ഈ വിവരങ്ങള്‍ വിദേശത്ത് വില്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സ്പ്രിംഗ്ലര്‍ സംബന്ധിച്ച രേഖകളൊക്കെയും നിരത്തിവച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ ആക്രമണം. ഡേറ്റ എവിടെയും എപ്പോഴും വിലപ്പെട്ടതാണ്. ഈ രംഗത്ത് പ്രഗത്ഭനാണെങ്കിലും ശിവശങ്കറിന് അതിന്റെ ഗൗരവം തീരെ മനസ്സിലായില്ലെന്ന് വേണം കരുതാന്‍. സ്പ്രിംഗ്ലര്‍ സംബന്ധിച്ച തീരുമാനങ്ങളൊക്കെയും കൈക്കൊണ്ടത് ശിവശങ്കര്‍ തനിച്ച്, ഒരു വിദേശ കമ്പനിയുമായി കരാറുണ്ടാക്കുമ്പോള്‍ അതിന്റെ നിയമവശം നിയമസെക്രട്ടറിയോടുപോലും ആലോചിച്ചില്ല. ചീഫ് സെക്രട്ടറി ടോം ജോസിനോടും അഭിപ്രായം ചോദിച്ചില്ല. ധനകാര്യ വകുപ്പുമായും സെക്രട്ടറിയുമായും ചര്‍ച്ച ചെയ്തില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വിഷയം മന്ത്രിസഭയില്‍കൊണ്ടുവന്ന് തീരുമാനമെടുത്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവുമായിരുന്നു. സ്പ്രിംഗ്ലര്‍ വിഷയം രൂക്ഷമായപ്പോള്‍ ശിവശങ്കര്‍ ടെലിവിഷന്‍ ചാനലുകളില്‍വന്ന് വിയര്‍ത്ത് കുളിച്ചു. പ്രതിപക്ഷവും ബി.ജെ.പിയും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചു.
തൊട്ടുപിന്നാലെ എത്തി ബെവ്‌കോ ആപ്പ്. ഐ.ടി സെക്രട്ടറിയെന്ന നിലയ്ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് തെരഞ്ഞെടുത്ത സംഘത്തിനാണ് ആപ്പ് നിര്‍മാണ ചുമതല നല്‍കിയത്. പക്ഷേ തുടക്കത്തില്‍ത്തന്നെ ആപ്പ് പൊളിഞ്ഞു. ബിവറേജസ് കോര്‍പറേഷനും സര്‍ക്കാരും വീണ്ടും പ്രതിക്കൂട്ടിലായി. ബെവ്‌കോ ആപ്പിന്റെ പിന്നിലും ശിവശങ്കര്‍ തന്നെയായിരുന്നു. ശിവശങ്കര്‍ മാത്രം. ആരോടും ആലോചിച്ചില്ല. ആരെയും അറിയിച്ചില്ല. ഇത് ശിവശങ്കറിന്റെ ഒരു പ്രത്യേക സ്വഭാവമാണ്. വിഷയം എത്രകണ്ട് പ്രധാനമാണെങ്കിലും തീരുമാനമെടുക്കുന്നത് അദ്ദേഹം തന്നെയായിരിക്കും. ആരോടുമാലോചിക്കാതെ. കേരളാ കേഡര്‍ ഐ.എ.എസില്‍ ഇത് ഒരു ചേരിതിരിവ് തന്നെയുണ്ടാക്കി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരൊക്കെയും ഒരു വശത്ത്. ശിവശങ്കറിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം. ശിവശങ്കറിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്കു പിന്നില്‍ കൂട്ടായ ഒരു പിന്തുണ ഉണ്ടായില്ല. സ്പ്രിംഗ്ലറിന്റെ കാര്യത്തിലും ബെവ്‌കോയുടെ കാര്യത്തിലും ഇത് ഏറെ പ്രതിഫലിച്ചു. സര്‍ക്കാരിനെ പ്രത്യേകിച്ച് മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ ഇത് പ്രതിപക്ഷത്തിന് വഴിയൊരുക്കി.
മുഖ്യമന്ത്രി അറിഞ്ഞു നല്‍കിയ സ്വാതന്ത്ര്യമാണ് ശിവശങ്കര്‍ ദുരുപയോഗപ്പെടുത്തിയത്. ആ സ്വാതന്ത്ര്യത്തോടൊപ്പം ആവശ്യംവേണ്ട ഉത്തരാവിദിത്തം അദ്ദേഹം തെല്ലും ഉപയോഗിച്ചില്ല. വലിയ പ്രത്യേകതയുള്ള മേഖലയെന്ന നിലക്കാണ് ഐ.ടി വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത്. ശിവശങ്കറിനെ ഐ.ടി വകുപ്പിന്റെ സെക്രട്ടറിയുമാക്കി. ഒപ്പം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയും നല്‍കി. സെക്രട്ടേറിയറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട അധികാരകേന്ദ്രം. പ്രധാന ഔദ്യോഗിക വിഷയങ്ങളിലൊക്കെയും മുഖ്യമന്ത്രിക്ക് വിലപ്പെട്ട ഉപദേശം നല്‍കേണ്ടയാള്‍. സുപ്രധാനമായ ഐ.ടി വകുപ്പിന്റെ ചുമതല നോക്കുന്നയാള്‍. വളരെയധികം പക്വതയും സഹവര്‍ത്തിത്വവും വിവേകവും കാണിക്കേണ്ടയാള്‍. അങ്ങേയറ്റത്തെ വിശ്വാസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കറില്‍ അര്‍പ്പിച്ചത്. ഒരാളില്‍ വിശ്വാസം തോന്നി ഒരു ചുമതല ഏല്‍പിച്ചാല്‍ ആ ആളിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയാണ് പിണറായി വിജയന്റെ പതിവ്. ഇടയ്ക്ക് ഒരു പരിശോധനയോ ചോദ്യം ചെയ്യലോ ഉണ്ടാവില്ല. വിശ്വാസമെന്നാല്‍ പൂര്‍ണമായ വിശ്വാസം. സ്പ്രിംഗ്ലര്‍ വിവാദമുണ്ടായപ്പോഴും ബെവ്‌കോ വിവാദം ഉയര്‍ന്നപ്പോഴും ശിവശങ്കര്‍ വരുത്തിവച്ച വിനകള്‍ മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി. എന്നിട്ടും പിണറായി പൊറുത്തു. പക്ഷെ, സ്വര്‍ണക്കടത്ത് വലിയ ദുരന്തമായി വരികയും സ്വപ്ന സുരേഷ് എന്ന യുവതിയുമായി ഐ.ടി സെക്രട്ടറിയുടെ ബന്ധം പുറത്തുവരികയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ ആകെ ഇളകി മറിഞ്ഞു. മുഖ്യമന്ത്രി കൈവിട്ടതോടെ ശിവശങ്കറിന്റെ സ്ഥാനമാനങ്ങളൊക്കെ കൊഴിഞ്ഞുവീണു.
ചാരക്കേസില്‍ ശ്രീവാസ്തവ ഉള്‍പ്പെട്ടിരുന്നില്ലെന്ന കാര്യത്തില്‍ കെ. കരുണാകരന് തെല്ലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ശ്രീവാസ്തവയെ ഐ.ബി ഉദ്യോഗസ്ഥരുടെ കുത്സിത നീക്കങ്ങളുടെ ബലിയാടായി വിട്ടുകൊടുക്കാന്‍ അദ്ദേഹം തയാറായില്ല. തക്ക സമയത്ത് കേസ് സി.ബി.ഐക്ക് വിട്ടുകൊടുത്ത് കരുണാകരന്‍ ഐ.ബിയുടെ നീക്കങ്ങളെ വെട്ടി. ശ്രീവാസ്തവ അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ ഐ.എസ്.ആര്‍.ഒ ചാരക്കേസ് സ്വന്തം പാര്‍ട്ടിയിലെ എതിരാളികള്‍ വിദഗ്ധമായി അദ്ദേഹത്തിനെതിരേ പ്രയോഗിച്ചു. 1995 മാര്‍ച്ച് 16ന് കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞു. ഡല്‍ഹിയില്‍നിന്ന് പറന്നെത്തിയ എ.കെ. ആന്റണി മാര്‍ച്ച് 22ാം തിയതി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സ്വാതന്ത്ര്യവും അധികാരവും നല്‍കി. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെ തന്നെയും കടുത്ത പ്രതിസന്ധികളില്‍ വീഴ്ത്തിയിട്ടും അദ്ദേഹം ശിവശങ്കറിനെ സംരക്ഷിച്ചുനിര്‍ത്തി. അവസാനം സ്വന്തം ചെയ്തികളുടെ പേരില്‍ ശിവശങ്കറിന് വലിയവില നല്‍കേണ്ടി വന്നു. രാഷ്ട്രീയമായി പിണറായി വിജയനു വില നല്‍കേണ്ടിവരുമോ? സ്വന്തം പാര്‍ട്ടിയില്‍നിന്ന് കരുണാകരന്‍ നേരിട്ട ദുരനുഭവം പിണറായി വിജയനുണ്ടാവില്ല. തീര്‍ച്ച. പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇപ്പോള്‍ പിണറായിക്കു പ്രധാനം. വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയം ചുറ്റിത്തിരിയുന്നത് ഈ വിഷയത്തിന്മേലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."