ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ തുടരാം- സര്‍വ്വകലാശാലകളുടെ എതിര്‍പ്പിനു പിന്നാലെ തീരുമാനം മാറ്റി ട്രംപ്
ന്യൂയോര്‍ക്ക്: രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറി ട്രംപ് സര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ഉന്നത സര്‍വ്വകലാശാലകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ട്രംപ് തീരുമാനം മാറ്റിയത്.
സര്‍ക്കാര്‍ നീക്കം യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നുമാണ് യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും എം.ഐ.ടിയും നല്‍കിയ പരാതിയില്‍ ഉന്നയിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നത്.
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള ( falll semester) വിദ്യാര്‍ത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.
ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സഊദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍. 44.7 ബില്യണ്‍ ഡോളറാണ് വിദേശ വിദ്യാര്‍ത്ഥികളിലൂടെ അമേരിക്കയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."