തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവാസി വോട്ടര്‍മാരും പറന്നിറങ്ങുന്നു
കൊണ്ടോട്ടി:തെരഞ്ഞെടുപ്പ് ചൂടിന്റെ ആരവത്തിലേക്ക് പ്രവാസികളായ വോട്ടര്‍മാരും പറന്നിറങ്ങുന്നു. ഗള്‍ഫില്‍ നിന്നുളള വിമാനങ്ങളിലെല്ലാം വോട്ട് ലക്ഷ്യംവച്ചുള്ള യാത്രക്കാരാണ് അധികവും വന്നെത്തുന്നത്.
യു.എ.ഇയില്‍ നിന്നുളള വിമാനങ്ങളിലാണ് വോട്ടര്‍മാര്‍ കൂടുതലുളളത്. ഈ മാസം 14നു ശേഷമുളള ഓരോ വിമാനത്തിലും നൂറിലേറെ ആളുകളാണ് വോട്ടു ചെയ്യാനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ്, വിഷു, റമദാന്‍, പെരുന്നാള്‍, നാട്ടില്‍ അവധിക്കാലം എല്ലാം ഒരുമിച്ചുളള സമയമായതിനാല്‍ വിമാനങ്ങളില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് കുടുംബങ്ങളെ കൊണ്ടുപോകുന്നത് പ്രവാസികള്‍ കുറച്ചിട്ടുമുണ്ട്. പൊളളുന്ന ചാര്‍ജിന് വിമാന ടിക്കറ്റെടുത്താണ് പ്രാവസികള്‍ വോട്ട് ചെയ്യാന്‍ പറന്നെത്തുന്നത്. നേരത്തെ എത്തിയവരില്‍ പലരും തങ്ങളുടെ ഇഷ്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
പ്രവാസി വോട്ടര്‍മാരില്‍ ഇത്തവണ വലിയ വര്‍ധനയുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12,653 പേരായിരുന്നു പ്രവാസി വോട്ടര്‍മാരുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ പ്രവാസി വോട്ടര്‍മാരുടെ എണ്ണം 73,308 ആയി ഉയര്‍ന്നു. കഴിഞ്ഞ ജനുവരി 30 വരെ 66,584 പ്രവാസി വോട്ടര്‍മാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."