അനധികൃത മണ്ണെടുപ്പ്; പരിശോധന ശക്തമാക്കി സബ് കലക്ടറും സംഘവും
കൊല്ലം: അനധികൃത മണ്ണെടുപ്പിനും നെല്‍വയല്‍ നികത്തലിനുമെതിരേ സബ് കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടപടിയുമായി റവന്യു അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച അഞ്ച് ജെ.സി.ബികളും 15 ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ് നടത്തിയ സ്ഥലമുടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
നികത്തല്‍ ശ്രദ്ധയില്‍ പെട്ടിടങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരവും കേസുകള്‍ ചുമത്തും. പിടിച്ചെടുത്ത ജെ.സി.ബിക്ക് 75000, ലോറിക്ക് 50000 എന്നിങ്ങന പിഴ ഒടുക്കേണ്ടി വരും. പാവുമ്പ, മൈനാഗപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, കുന്നത്തൂര്‍, കൊറ്റങ്കര, തൃക്കോവില്‍വട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. വരും ദിവസങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. ആര്‍.ഡി.ഒ ഓഫിസ് ഉദ്യോഗസ്ഥരായ സുനില്‍, രതീഷ്, ജോസ്, സന്തോഷ്, അനി തുടങ്ങിയവര്‍ റെയ്ഡുകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."